റിപ്പോർട്ടുകളിൽ പേര് പരാമർശിച്ചത് എന്തിനാണെന്നറിയില്ല; ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയിട്ടില്ലെന്ന വാർത്ത നിഷേധിച്ച് അഗ്നിരക്ഷാ സേനാ മേധാവി

സംഭവസ്ഥലത്ത് നിന്ന് പണം കണ്ടെത്തിയില്ലെന്ന് ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല
റിപ്പോർട്ടുകളിൽ പേര് പരാമർശിച്ചത് എന്തിനാണെന്നറിയില്ല; ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയിട്ടില്ലെന്ന വാർത്ത നിഷേധിച്ച് അഗ്നിരക്ഷാ സേനാ മേധാവി
Published on


ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന വാർത്ത നിഷേധിച്ച് അഗ്നിരക്ഷാ സേനാ മേധാവി അതുൽ ഗാർഗ്. ജഡ്ജിയുടെ വീട്ടിൽ തീയണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ പണം കണ്ടെത്തിയില്ലെന്ന് മേധാവി പറഞ്ഞുവെന്ന തരത്തിൽ ചില മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു. ഇതിനെ പരസ്യമായി തള്ളിയാണ് അതുൽ ഗാർഗ് രം​ഗത്തെത്തിയത്. സംഭവസ്ഥലത്ത് നിന്ന് പണം കണ്ടെത്തിയില്ലെന്ന് ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. റിപ്പോർട്ടുകളിൽ തന്റെ പേര് എന്തിനാണ് പരാമർശിച്ചതെന്ന് അറിയില്ല. വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം പറഞ്ഞു.


ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടിൽ തീപിടുത്തമുണ്ടായപ്പോള്‍ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ പണം കണ്ടെത്തിയെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകള്‍. തുടർന്ന് അടിയന്തര കൊളീജിയം ശർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. ജഡ്ജിയുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നുള്ള അലഹബാദ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലും അനധികൃത പണത്തെപ്പറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥലംമാറ്റത്തിന് വിവാദവുമായി ബന്ധമില്ലെന്നാണ് സുപ്രീംകോടതി വാർത്താക്കുറിപ്പിൽ ആവർത്തിക്കുന്നത്. സംഭവത്തിൽ സുപ്രീംകോടതി ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നംഗ ജഡ്ജിമാരുടെ സമിതിയാണ് അന്വേഷണം നടത്തുക.'

അതേസമയം വിവാദ ജഡ്ജി യശ്വന്ത് വര്‍മയുടെ പേര് 2018-ല്‍ സിബിഐ കേസിലും പരാമർശിച്ചിട്ടുണ്ടെന്ന വിവരമുണ്ട്. സിംഭൊലി ഷുഗേഴ്‌സ്‌ എന്ന സ്ഥാപനത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വര്‍മയുടെ പേരുള്ളത്. 2014-ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് സിംഭൊലി ഷുഗേഴ്‌സിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു യശ്വന്ത് വര്‍മ. ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ് സിംഭൊലി ഷുഗേഴ്സിന് 150 കോടി വായ്പ നൽകിയിരുന്നു. കർഷകരെ സഹായിക്കാനാണ് വായ്പ എന്ന ഉറപ്പിലായിരുന്നു വായ്പ. എന്നാൽ സിംഭൊലി ഷുഗേഴ്സ് രേഖകളിൽ കൃത്രിമം കാണിച്ചെന്നും വഞ്ചിച്ചുവെന്നും ആരോപിച്ച് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്‌ നല്‍കിയ പരാതിയിലായിരുന്നു സിബിഐ കേസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com