ഇടുക്കി: 2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. കേരളത്തെ തകർത്തത് പിണറായി സർക്കാരിന്റെ അഴിമതിയാണ്. പ്രളയമുണ്ടാക്കിയത് കരിമണൽ ലോബിക്ക് വേണ്ടിയാണ്. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽ വേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഡാം തുറക്കാതിരുന്നതിൽ മുൻ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. ജനദാതളിൻ്റെ മുതിർന്ന നേതാവായിരുന്ന പ്രഭാതും മാത്യു കുഴൽനാടനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. തെളിവായി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതിൽ പങ്കുണ്ടെന്നും കൃഷ്ണൻകുട്ടി ശബ്ദരേഖയില്‍ പറയുന്നുണ്ട്. കരിമണൽ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയിൽ കൃഷ്ണൻകുട്ടി പറയുന്നു.
അതേസമയം, ആരോപണം മന്ത്രി കെ. കൃഷ്ണൻകുട്ടി നിഷേധിച്ചു. ശബ്ദരേഖ തൻ്റേതല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. എഐ ആണോയെന്ന് സംശയം ഉണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ പുറത്ത് വന്ന ശബ്‌ദരേഖ തൻ്റേതല്ലെന്ന് ഉറപ്പാണ്. താനല്ല, മാത്യു ടി. തോമസാണ് ഉന്നം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമിച്ച ഓഡിയോയാണിതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.