കോഴിക്കോട്: എലത്തൂരിൽ തെരഞ്ഞെടുപ്പ് ചിഹ്നത്തിലും സ്ഥാനാർഥിയുടെ പേരിലും കൺഫ്യൂഷൻ. കഴിഞ്ഞ മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച എ.കെ. ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യനെയാണ് ഇത്തവണ ലഭിച്ച ചിഹ്നം. പകരം എതിരാളിയായ എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ. ശശീന്ദ്രനാണ് ക്ലോക്ക് അനുവദിച്ചത്.
ചിഹ്നത്തിലെ ആശയക്കുഴപ്പവും സ്ഥാനാർഥിയുടെ പേരിലെ സാമ്യവും തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. എന്നാൽ ചിഹ്നം മാറിയത് പ്രതികൂലമായി ബാധിക്കില്ലെന്നും വോട്ടർമാർ ഇത്തവണയും എൽഡിഎഫിനെ തെരഞ്ഞെടുക്കുമെന്നും എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മൂന്നുതവണ വ്യത്യസ്ത ചിഹ്നങ്ങളിൽ മത്സരിച്ചിട്ടുണ്ട്. പശുക്കിടാവിന്റെ ചിഹ്നത്തിലും, ചർക്കയിലും, ക്ലോക്കിലും മത്സരിച്ചതിനാൽ ചിഹ്നത്തിൽ പ്രസക്തിയില്ല. ചിഹ്നത്തെക്കുറിച്ച് വോട്ടർമാർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള ശേഷി ഇടതുപക്ഷ പ്രവർത്തകർക്കുണ്ട് അവർ അത് കൃത്യമായി ചെയ്യും. വോട്ടർമാർ ഇത്തവണയും എൽഡിഎഫിനെ തിരഞ്ഞെടുക്കും, കെ ശശീന്ദ്രന്റെ വാക്കുകൾ.
മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രൻ. അദ്ദേഹം വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിക്കുളളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ എ.കെ. ശശീന്ദ്രനെ തന്നെ രംഗത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.