എതിര്‍ സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കില്ലെന്ന് കരുതുന്നവരുടെ കാലമാണിത്. പരസ്പരബഹുമാനമില്ലാതെയും, ജനാധിപത്യ മര്യാദകളുമൊക്കെ മറന്നാണ് പലരും വാക്കുകളാല്‍ പോരടിക്കുന്നത്. എന്നാല്‍, ഒരു കാലത്ത് സ്ഥാനാര്‍ഥികള്‍ പുലര്‍ത്തിയിരുന്ന പരസ്പര ബഹുമാനം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അത്തരമൊരു കഥ പറയാം.
1953ലെ മീനച്ചില്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പു കാലം. പി.ടി. ചാക്കോ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കേരളത്തിലെ ആദ്യത്തെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. കോണ്‍ഗ്രസില്‍ നിന്ന് ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയും, കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയ അക്കാമ്മ ചെറിയാനും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അക്കാമ്മ ഗര്‍ഭിണിയായിരുന്നു. ആനയായിരുന്നു അക്കാമ്മയുടെ ചിഹ്നം.
പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ, ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ ഒരു അനുയായി നാട്ടുകാരെ രസിപ്പിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തി. അതില്‍, അക്കാമ്മ ഒരു ആനക്കുട്ടിയെയാകും പ്രസവിക്കാന്‍ പോകുന്നത് എന്നൊരു പ്രസ്താവന നടത്തി. പ്രചാരണച്ചൂടിനൊപ്പം ആയൊരു പ്രസ്താവന കേള്‍വിക്കാരെ പലരെയും ചിരിപ്പിച്ചെങ്കിലും, കൊട്ടുകാപ്പള്ളിക്ക് അത്ര ചിരി വന്നില്ല. എന്നു മാത്രമല്ല, അത്ര ഇഷ്ടപ്പെട്ടുമില്ല. പ്രസംഗിച്ചയാളെ നേരിട്ട് കണ്ടപ്പോള്‍ അനിഷ്ടം തുറന്നു പറഞ്ഞതിനൊപ്പം, താക്കീതും കൊടുത്തു. "അവര്‍ ഉന്നതകുലജാതയായ ഒരു മഹതിയാണ്. എതിര്‍ സ്ഥാനാര്‍ഥിയാണെങ്കിലും അവരെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല"- എന്നായിരുന്നു കൊട്ടുകാപ്പള്ളിയുടെ വാക്കുകള്‍.
എതിര്‍പക്ഷത്തുള്ളയാളെ മോശം വാക്കുകളാല്‍ അഭിസംബോധന ചെയ്യുകയും, സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്യുന്ന പുതിയകാല നേതാക്കള്‍ ഇത്തരം ചില നല്ല ചരിത്രങ്ങളെയും ഓര്‍ക്കുന്നത് നന്നാകും.