പ്രതീകാത്മക ചിത്രം Source: Files
ASSEMBLY ELECTION 2026

അസമിൽ ബിജെപിയുടെ ഹാട്രിക് മാജിക്; അട്ടിമറികളില്ലാതെ പുതുച്ചേരിയും

മാഹിയില്‍ എൽഡിഎഫ് സ്വതന്ത്രൻ ടി. അശോക് കുമാറിനാണ് ജയം...

Author : ന്യൂസ് ഡെസ്ക്

അസമിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ഭരണത്തുടർച്ച. 126 അംഗ അസം നിയമസഭയിൽ 102 സീറ്റ്‌ നേടിയാണ് ബിജെപി തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. കോൺഗ്രസ്‌ 21 സീറ്റിൽ ഒതുങ്ങിയപ്പോൾ സഖ്യത്തെ നയിച്ച ഗൗരവ് ഗൊഗോയ് പരാജയപ്പെട്ടു. തമിഴ്നാടിന് പുറമെ പുതുച്ചേരി നിയമസഭയിലും ടിവികെ പ്രാതിനിധ്യം അറിയിച്ചു. മാഹിയില്‍ എൽഡിഎഫ് സ്വതന്ത്രൻ ടി. അശോക് കുമാറിനാണ് ജയം.

2016ലെയും 2021ലെയും തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റ്‌ നേടിയാണ് അസമിൽ ബിജെപിയുടെ ഹാട്രിക് വിജയം. ധ്രുവീകരണം മുഖ്യ വിഷയമായിരുന്ന അസമിൽ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം നടത്താൻ ബിജെപിക്കായി. അപ്പർ അസം ഒന്നാകെ ബിജെപിക്ക് ഒപ്പം നിന്നപ്പോൾ ലോവർ അസമിലെ ഭൂരിപക്ഷം സീറ്റുകളിലും ജയം എൻഡിഎ സഖ്യത്തിനാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ മുന്നണിയെ നയിച്ച ഹിമന്തയുടെ ആദ്യ വിജയം കൂടിയാണിത്. ഹിമന്ത ബിശ്വ ശർമ ജാലുക്ബാരി മണ്ഡലത്തിൽ നിന്നും തുടർച്ചയായ ആറാം തവണയും വിജയിച്ചു. എൻഡിഎ സഖ്യകക്ഷിയും അസം ഗണ പരിഷത്തിന്റെ നേതാക്കളുമായ അതുൽ ബോറ, കേശഭ് മഹന്ത തുടങ്ങിയവരും ജയിച്ചുകയറി. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയിയുടെ മകനും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗൊയിയേ മുൻനിർത്തി മത്സരിച്ചെങ്കിലും കോൺഗ്രസിന് മുന്നേറ്റം നടത്താനായില്ല. ചെറിയ പാർട്ടികളുമായുള്ള സഖ്യവും ഫലിച്ചില്ല. ജോർഹാട്ട് മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ഹിതേന്ദ്ര ഗോസ്വാമിയോട് ഗൗരവ് പരാജയമറിഞ്ഞു.

പുതുചേരിയിൽ എഐഎൻആർസി നയിച്ച എഐഡിഎ സഖ്യത്തിനാണ് തുടർഭരണം. തമിഴ്നാട്ടിലേതു പോലെ തരംഗമായില്ലെങ്കിലും പുതുച്ചേരിയിലും ടിവികെ അക്കൗണ്ട് തുറന്നു. മുഖ്യമന്ത്രി എൻ. രംഗസ്വാമി തട്ടാൻ ചാവാടി മണ്ഡലത്തിൽ നിന്ന് വിജയം ആവർത്തിച്ചു. പുതിയ പാർട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട സാന്റിയാഗോ മാർട്ടിൻറെ മകൻ ജോസ് ചാർൾസ് മാർട്ടിൻ കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കേരളത്തിൽ വലിയ യുഡിഎഫ് തരംഗം അലയടിച്ചപ്പോൾ കേരളത്തോട് ചേർന്ന് കിടക്കുന്ന മാഹിയിൽ എൽഡിഎഫ് സ്വതന്ത്രനായ ടി. അശോക് കുമാറിനാണ് ജയം. സിറ്റിംഗ് എംഎൽഎ കോൺഗ്രസിലെ രമേഷ് പറമ്പത്ത് ആണ് പരാജയപ്പെട്ടത്.

SCROLL FOR NEXT