Source: News Malayalam 24x7
ASSEMBLY ELECTION 2026

യുവാക്കളെ കളത്തിലിറക്കി മുന്നണികൾ; ചിറ്റൂരിൽ ആര് വാഴും?

കുടിവെള്ളത്തിനും കൃഷിക്കുമുള്ള വെള്ളത്തിനുമായി നടപ്പാക്കിയ പദ്ധതികളാണ് ചിറ്റൂരിലെ പ്രധാന പ്രചാരണ വിഷയം...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കേരള - തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന മണ്ഡലമായ ചിറ്റൂരിൽ ഇത്തവണ എൽഡിഎഫും യുഡിഎഫും എൻഡിഎയും യുവനേതാക്കളെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. കുടിവെള്ളത്തിനും കൃഷിക്കുമുള്ള വെള്ളത്തിനുമായി നടപ്പാക്കിയ പദ്ധതികളാണ് ചിറ്റൂരിലെ പ്രധാന പ്രചാരണ വിഷയം. മണ്ഡലത്തിൽ കൃഷിക്ക് പ്രാധാന്യം നൽകിയുള്ള വികസനമാണ് നടപ്പാക്കിയതെന്ന് ഇടത് സ്ഥാനാർഥി അഡ്വ. വി. മുരുകദാസ് പറയുന്നു.

ചിറ്റൂരിലെ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നവരാണ് കെ. അച്യുതനും കെ. കൃഷ്ണൻകുട്ടിയും. ഇടത് വലത് മുന്നണികൾക്കായി ഇരുവരും നിരവധി തവണ നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും കെ. അച്യുതന് പിന്നാലെ മത്സരത്തിൽ നിന്നും മാറി. പതിറ്റാണ്ടുകൾക്കുശേഷം യുവ നേതാക്കളാണ് ചിറ്റൂരിലെ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പിൻഗാമിയായി എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് അഡ്വ വി. മുരുകദാസിനെയാണ്. കഴിഞ്ഞ 10 വർഷം കെ. കൃഷ്‌ണൻകുട്ടി നടപ്പാക്കിയ വികസനമാണ് എൽഡിഎഫിൻ്റെ പ്രചാരണായുധം. ചിറ്റൂരിൽ കുടിവെള്ളത്തിൻ്റെയും കൃഷിക്കുള്ള വെള്ളത്തിൻ്റെയും പ്രശ്‌നം പരിഹരിക്കുന്ന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മുരുകദാസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ ഉയർന്ന ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ കൃഷ്ണൻകുട്ടി വിജയിച്ചത്. അതേഭൂരിപക്ഷം നിലനിർത്തി വിജയിക്കാനുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്.

കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കെ. അച്യുതൻ്റെ മകൻ സുമേഷ് അച്യുതൻ തന്നെയാണ് ഇത്തവണയും. ചിറ്റൂർ-തത്തമംഗലം നഗരസഭയും കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും തിരിച്ചുപിടിച്ചതാണ് യുഡിഎഫിൻ്റെ പ്രതീക്ഷ. അതേസമയം എൻഡിഎ സ്ഥാനാർഥിയായി പ്രണേഷ് രാജേന്ദ്രനാണ് മത്സരിക്കുന്നത്. കോൺഗ്രസ് പൊൽപ്പുള്ളി മണ്ഡലം പ്രസിഡന്‍റായിരുന്ന പ്രണേഷ് പാർട്ടിയിലെ ഭിന്നതകളെ തുടർന്നാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്.

SCROLL FOR NEXT