ASSEMBLY ELECTION 2026

ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ട് പരിചയമുഖങ്ങള്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി.പി. ജോണിന് മുന്നില്‍ സര്‍പ്രൈസ് എന്‍ട്രിയുമായി മക്കള്‍

ജനക്കൂട്ടത്തിനിടയില്‍ നിന്ന് കഴുത്തില്‍ അണിയിക്കാന്‍ ഷാളുമായി ചിരിച്ചുകൊണ്ട് ഓടിവന്ന രണ്ട് മുഖങ്ങള്‍ കണ്ട് സി.പി. ജോണ്‍ ഒരു നിമിഷം സ്തംഭിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണിന് ഇലക്ഷന്‍ സര്‍പ്രൈസുമായി കുടുംബം. വോട്ടുചോദിച്ചുള്ള തിരക്കിട്ട പര്യടനത്തിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് തന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാന്‍ രണ്ടുപേര്‍ എത്തിയത് അദ്ദേഹത്തെ ഒന്നമ്പരപ്പിച്ചു. മറ്റാരുമല്ല, അപ്പക്ക് വോട്ടുചെയ്യാന്‍ കടല്‍ കടന്നെത്തിയ മക്കള്‍ അപര്‍ണയും അഞ്ജനയുമായിരുന്നു ആ സര്‍പ്രൈസ് അതിഥികള്‍. പ്രചാരണത്തിരക്കിനിടയിലെ ആ മനോഹരമായ കുടുംബക്കാഴ്ചയിലേക്ക്.

തിളച്ചുമറിയുന്ന പ്രചാരണച്ചൂടില്‍ മണ്ഡലത്തിലെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. ജോണ്‍. രാത്രി ചാക്ക ഐടിഐ ജംങ്ഷനില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നതിനിടയിലാണ് ആ അപ്രതീക്ഷിത സംഭവം. ജനക്കൂട്ടത്തിനിടയില്‍ നിന്ന് കഴുത്തില്‍ അണിയിക്കാന്‍ ഷാളുമായി ചിരിച്ചുകൊണ്ട് ഓടിവന്ന രണ്ട് മുഖങ്ങള്‍ കണ്ട് സി.പി. ജോണ്‍ ഒരു നിമിഷം സ്തംഭിച്ചു.

അപ്പയെ ഒന്ന് ഞെട്ടിക്കണം, അതായിരുന്നു മക്കളുടെ പ്ലാന്‍. അമേരിക്കയില്‍ ലോക ബാങ്കിന്റെ കണ്‍സള്‍ട്ടന്റായ മൂത്ത മകള്‍ അപര്‍ണ അപ്പയെ മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രചാരണ സ്ഥലത്തേക്ക് പറന്നെത്തിയത്. കൂടെ കട്ട സപ്പോര്‍ട്ടുമായി യൂറോപ്യന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളറായ ഇളയ മകള്‍ അഞ്ജനയും. അച്ഛന് വോട്ടിടാനും സുഹൃത്തുകളുടെ വോട്ടുറപ്പിക്കാനുമാണ് ഇരുവരും പരമ രഹസ്യമായി കടല്‍ കടന്നെത്തിയത്.

തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടയില്‍ മക്കളുടെ ഈ അപ്രതീക്ഷിത വരവ് സി.പി. ജോണിന് നല്‍കിയ ആവേശം ചെറുതല്ല. മക്കളെ കണ്ട സന്തോഷത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ക്ഷീണമെല്ലാം മറന്ന് അദ്ദേഹം ആവേശത്തിലായി. അപ്പയുടെ വിജയത്തിനായി ഇനി വരും ദിവസങ്ങളില്‍ മക്കളും പ്രചാരണ രംഗത്ത് സജീവമായുണ്ടാകും.

SCROLL FOR NEXT