തൃശൂർ: ജില്ലയിൽ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ. സിറ്റിംഗ് എംഎൽഎയായ വി.ആർ. സുനിൽ കുമാറാണ് എൽഡിഎഫിനായി ഇത്തവണയും കളത്തിലിറങ്ങുന്നത്. ശക്തരായ എതിരാളികളുമായാണ് തെരഞ്ഞെടുപ്പ് പോരാട്ടമെങ്കിലും ഇത്തവണയും മികച്ച മാർജിനിൽ കൊടുങ്ങല്ലൂരിൽ വിജയിക്കുമെന്നാണ് ഇടത് ക്യാംപിൻ്റെ പ്രതീക്ഷ.
മാള - കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് 2008ലായിരുന്നു കൊടുങ്ങല്ലൂർ മണ്ഡലത്തിന്റെ പുനർനിർണയം. കോൺഗ്രസിന്റെ അതികായനായ കെ. കരുണാകരൻ പരാജയമറിയാത്ത മണ്ഡലമായിരുന്നു ഒരു കാലത്ത് മാളയെങ്കിൽ, ഇടതുപക്ഷം കുത്തകയാക്കിയ സീറ്റായിരുന്നു കൊടുങ്ങല്ലൂർ. എന്നാൽ പുതുതായി രൂപം കൊണ്ട മണ്ഡലത്തിൽ ഒരു തവണ മാത്രമാണ് യുഡിഎഫ് ജയിച്ചത്. തുടർച്ചയായി രണ്ട് തവണയാണ് എൽഡിഎഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ മികച്ച മാർജിനിൽ ജയിച്ചു കയറിയത്. ഇത്തവണയും സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.
മുൻ മന്ത്രി വി.കെ. രാജന്റെ മകൻ കൂടിയായ വി.ആർ. സുനിൽ കുമാറിന് മണ്ഡലത്തിലുടനീളമുള്ള വ്യക്തി ബന്ധങ്ങളും സ്വാധീനവും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുതൽക്കൂട്ടാണ്. പത്ത് വർഷത്തിനിടയിൽ കൊടുങ്ങല്ലൂരിൽ നടപ്പാക്കിയ വികസന നേട്ടങ്ങളും പ്രചാരണത്തിൽ ഉടനീളം എൽഡിഎഫ് ഉയർത്തിക്കാട്ടുന്നുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മണ്ഡലത്തിലുള്ള ശക്തമായ അടിത്തറ കൂടി കണക്കാക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇത്തവണയും ഇല്ലെന്ന് സുനിൽകുമാർ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ വമ്പൻ വിജയം നേടാൻ കഴിഞ്ഞതും, മണ്ഡലത്തിൽ നിന്ന് 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ സാധിച്ചതും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷാണ് സുനിൽകുമാറിന്റെ മുഖ്യ എതിരാളി. ഡോ. വർഗീസ് ജോർജാണ് ട്വൻ്റി 20 സ്ഥാനാർഥി.