Source: News Malayalam 24x7
ASSEMBLY ELECTION 2026

നെയ്യാറ്റിൻകരയിൽ വാശിയേറിയ പോരാട്ടം; മണ്ഡലം ഇത്തവണ ആർക്കൊപ്പം?

മൂന്നാമൂഴത്തിലേക്കുള്ള ആൻസലന്‍റെ തേരോട്ടത്തിന് തടയിടാൻ, എൻ. ശക്തനെ ഇറക്കിയാണ് കോൺഗ്രസിന്‍റെ അങ്കം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇത്തവണ വാശിയേറിയ പോരാട്ടമാണ് നെയ്യാറ്റികര മണ്ഡലത്തിൽ. രണ്ട് തവണ എംഎൽഎ ആയി ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ്, എൽഡിഎഫ് സ്ഥാനാർഥി കെ. ആൻസലൻ ജനവിധി തേടുന്നത്. മൂന്നാമൂഴത്തിലേക്കുള്ള ആൻസലന്‍റെ തേരോട്ടത്തിന് തടയിടാൻ, എൻ. ശക്തനെ ഇറക്കിയാണ് കോൺഗ്രസിന്‍റെ അങ്കം. കഴിഞ്ഞ തവണ വോട്ടുശതമാനം വർധിപ്പിച്ച ചെങ്കൽ രാജശേഖരനിലൂടെ ഒരു അട്ടിമറി വിജയമാണ് എൻഡിഎയുടെ പ്രതീക്ഷ.

തെക്കേയറ്റത്ത് നെയ്യാറിന്‍റെ തീരത്ത് ഇക്കുറി നടക്കുന്നത് രാഷ്ട്രീയ മാമാങ്കമാണ്. 25 ദിവസം നീണ്ട കടുത്ത പ്രചാരണ പോരാട്ടം. നെയ്യാറ്റിൻകരയുടെ ജനമനസ് കീഴടക്കാൻ മൂന്ന് മുന്നണികളും കച്ചമുറുക്കി കരുത്ത് അറിയിക്കുന്നുണ്ട്. മൂന്നാം അങ്കത്തിന് ഇത്തവണയും കെ. ആൻസലൻ തന്നെയാണ് എൽഡിഎഫിന്‍റെ ചേകവർ. ആൻസലന്റെ ജനകീയതയും സർക്കാരിന്റെ വികസനവുമാണ് എൽഡിഎഫിന്റെ ആയുധങ്ങൾ. 2016ൽ പാറശാലയിൽ നിന്ന് അടവ് മാറി എത്തിയ ആർ. സെൽവരാജിനെ 9,534 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീഴ്ത്തിയായിരുന്നു ആൻസലന്റെ അരങ്ങേറ്റം. 2021ൽ ഭൂരിപക്ഷം 14,262 ആയി. വിജയത്തിൽ കുറഞ്ഞ് മറ്റൊന്നുമില്ലെന്ന വിശ്വാസത്തിലാണ് ഇത്തവണയും എൽഡിഎഫ് പാളയം.

മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമൊക്കെയായി യുഡിഎഫ് കോട്ട കാത്ത എന്‍. ശക്തനാണ് ആൻസലന്റെ തേരോട്ടം തടയാൻ ഇത്തവണ അങ്കത്തട്ടിൽ. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും അഞ്ച് ഗ്രാമ പഞ്ചായത്തുകളും അടങ്ങുന്ന മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിൽ ഭരണം യുഡിഎഫിന്‍റെ കൈകളിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കാരോട് പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായും യുഡിഎഫ് കരുത്ത് കാട്ടി. സിഎസ്ഐ, പെന്തക്കോസ്ത്, ലാറ്റിൻ കത്തോലിക്, നായർ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സിഎസ്ഐ സഭയുമായി ചേർന്നുള്ള തെക്കൻ പയറ്റിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.

2021ൽ ഇടത് - വലത് മുന്നണികൾ വോട്ട് ശതമാനത്തിൽ പിന്നോട്ടുപോയപ്പോൾ എൻഡിഎ വോട്ട് ശതമാനം വർധിപ്പിച്ച മണ്ഡലമാണ് നെയ്യാറ്റിന്‍കര. അന്ന് മത്സരിച്ച ചെങ്കൽ രാജശേഖരൻ തന്നെയാണ് ഇത്തവണയും എൻഡിഎയുടെ പടനായകൻ. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത അതിയന്നൂർ ഗ്രാമപഞ്ചായത്തും എൻഡിഎയ്ക്ക് കരുത്തുപകരുന്നു.

2011 ലെ ടി.പി. ചന്ദ്രശേഖരൻ വധവും തുടർന്നുണ്ടായ വി.എസിന്റെ ഭവന സന്ദർശനവും നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പിലെ യുഡിഎഫ് വിജയവുമൊക്കെ രാഷ്ട്രീയകേരളം എല്ലാ തെരഞ്ഞെടുപ്പുകളിലും ചർച്ചചെയ്യുന്നുണ്ട്. ശേഷം കെ. ആൻസലനിലൂടെ എൽഡിഎഫ് തിരികെ പിടിച്ച മണ്ഡലത്തിൽ ഇത്തവണ വാഴുന്നതും വീഴുന്നതും ആരെന്നതിലാകും ആകാംക്ഷ.

SCROLL FOR NEXT