Source: News Malayalam 24x7
ASSEMBLY ELECTION 2026

തമിഴ്നാടിൻ്റെ സ്റ്റാർ വീണ്ടും സ്റ്റാലിനെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും; ടിവികെ തൂക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാരത്തുടർച്ച ഉണ്ടാവുമെന്ന് പുറത്തുവന്ന അഞ്ച് എക്സിറ്റ് പോൾ പ്രവചനങ്ങളും...

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാരത്തുടർച്ച ഉണ്ടാവുമെന്ന് പുറത്തുവന്ന അഞ്ച് എക്സിറ്റ് പോൾ പ്രവചനങ്ങളും. പീപ്പിൾസ് പൾസ്, മാട്രിസ്, റിപ്പബ്ലിക്ക്, പി-മാർക്ക്, സീ ന്യൂസ് എന്നീ സർവെകൾ പ്രവചിക്കുന്നത് ഡിഎംകെ സഖ്യം 120ലേറെ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നാണ്. ന്യൂസ് 18, ജെവിസി സർവേകൾ പ്രവചിക്കുന്നത് എഐഡിഎംകെ വിജയിക്കുമെന്നാണ്. അതേസമയം, വിജയ്‌യുടെ ടിവികെ അട്ടിമറി വിജയം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.

സ്റ്റാലിൻ്റെ ഡിഎംകെ 122 മുതൽ 132 വരെ സീറ്റുകൾ നേടി തമിഴ്നാട് നിലനിർത്തുമെന്നാണ് മാട്രിസിൻ്റെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 87 മുതൽ 100 വരെ സീറ്റുകൾ എഐഡിഎംകെയും 10 മുതൽ 12 വരെ സീറ്റുകൾ ടിവികെയും മറ്റുള്ളവർ 6 വരെയും സീറ്റുകൾ വിജയിക്കുമെന്ന് ഫലം പറയുന്നു. ഡിഎംകെ 125 മുതൽ 145 സീറ്റുകൾ നേടി വിജയിക്കുമെന്നാണ് പീപ്പിൾസ് പൾസ് സർവേ ഫലം. എഐഡിഎംകെ 65 മുതൽ 80 വരെ സീറ്റുകളും ടിവികെ 18 മുതൽ 24 വരെ സീറ്റുകളും മറ്റുള്ളവർ 2 മുതൽ 6 വരെ സീറ്റുകളും നേടുമെന്ന് പീപ്പിൾസ് പൾസ് പ്രവചിക്കുന്നു. ഡിഎംകെ 125 മുതൽ 145 വരെ സീറ്റുകൾ നേടി വിജയിക്കുമെന്നാണ് പീ മാർക്കിൻ്റെ സർവേ ഫലം. 65 മുതൽ 85 വരെ സീറ്റുകൾ എഐഡിഎംകെയും 13 മുതൽ 26 വരെ സീറ്റുകൾ ടിവികെയും 1 മുതൽ 6 വരെ സീറ്റുകൾ മറ്റുള്ളവരും നേടുമെന്നാണ് പീ മാർക്കിൻ്റെ പ്രവചനം. ഡിഎംകെ 140 മുതൽ 162 വരെ സീറ്റുകൾ നേടി അധികാരത്തിലേറുമെന്നാണ് സീ ന്യൂസിൻ്റെ പ്രവചനം. 52 മുതൽ 74 വരെ സീറ്റുകൾ എഐഡിഎംകെയും ടിവികെ ഉൾപ്പടെ മറ്റുള്ളവർ 13 മുതൽ 33 വരെ സീറ്റുകളും നേടുമെന്നും സീ ന്യൂസ് പ്രവചിക്കുന്നു.

എഐഡിഎംകെ 128 മുതൽ 147 വരെ സീറ്റുകൾ നേടി തമിഴ്നാട്ടിൽ ഭരണമാറ്റമുണ്ടാകമെന്നാണ് ജെവിസി ടൈംസ് നൗ പ്രവചിക്കുന്നത്. ഡിഎംകെ 75 മുതൽ 95 വരെയും ടിവികെ 8 മുതൽ 15 വരെയും സീറ്റുകൾ നേടിയേക്കുമെന്നും ജെവിസി പ്രവചിക്കുന്നു. എഐഎഡിഎംകെ 114 മുതൽ 124 വരെ സീറ്റുകൾ നേടി ഭരിക്കുമെന്നാണ് ന്യൂസ് 18ന്റെ എക്സിറ്റ് പോൾ ഫലം പറയുന്നത്. ഡിഎംകെ 103 മുതൽ 113 വരെയും ടിവികെ നാല് മുതൽ 10വരെയും സീറ്റുകൾ നേടുമെന്നും ന്യൂസ് 18ന്റെ എക്സിറ്റ് പോൾ ഫലം പറയുന്നു.

അതേസമയം, തമിഴ്നാട്ടിൽ ഭരണം ടിവികെ പിടിച്ചേക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ ഫലം പറയുന്നു. ടിവികെയും ഡിഎംകെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നും ടിവികെ 98 മുതൽ 120 വരെയും ഡിഎംകെ 92 മുതൽ 110 വരെയും സീറ്റുകളും എഐഡിഎംകെ 22 മുതൽ 32 വരെ സീറ്റുകളും നേടിയേക്കുമെന്നാണ് പ്രവചനം.

ഏപ്രിൽ 23ന് 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം കടക്കാൻ 118 സീറ്റുകളിൽ വിജയിക്കണം. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.

SCROLL FOR NEXT