ആര്‍. ബാലകൃഷ്ണപിള്ള News Malayalam 24X7
ASSEMBLY ELECTION 2026

Poll Lab | ബാലകൃഷ്ണ പിള്ളയും രാഷ്ട്രീയജീവിതത്തിലെ ചില അപൂര്‍വതകളും

1971ലാണ് പിള്ള ലോക്‌സഭയിലേക്ക് ജയിക്കുന്നത്. എംപിയായിരിക്കെ 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായി.

Author : എസ്. ഷാനവാസ്

പാര്‍ലമെന്റ് അംഗമായിരിക്കെ നിയമസഭാംഗമായി. എംപിയും സംസ്ഥാന മന്ത്രിയുമായിരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി. രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം അപൂര്‍വതകളുടെ ഉടമയായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള.

ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന റെക്കോഡുമായാണ് ബാലകൃഷ്ണ പിള്ള ആദ്യമായി നിയമസഭയിലെത്തുന്നത്. 1960ല്‍ പത്തനാപുരത്തുന്ന് ജയിക്കുമ്പോള്‍ 25 വയസായിരുന്നു പിള്ളയ്ക്ക്. പിന്നീട് 1965, 77, 80, 82, 87, 91, 96 വര്‍ഷങ്ങളിലും പിള്ള നിയമസഭയിലെത്തി. 1975-76ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. പിന്നീട് 1980-81, 1982-85, 1986-87 വര്‍ഷങ്ങളില്‍ വൈദ്യുതി മന്ത്രിയായി. 1991-95, 2003-2004 വര്‍ഷങ്ങളിലും ഗതാഗത മന്ത്രിയായിരുന്നു.

1971ലാണ് പിള്ള മാവേലിക്കരയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിക്കുന്നത്. എംപിയായിരിക്കെയാണ് 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായത്. അടിയന്തിരാവസ്ഥക്കാലത്ത് പിള്ള ജയിലിലും കിടന്നിരുന്നു.

ഇക്കാലത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് പദവിയും പിള്ള വഹിച്ചു. 1964 മുതൽ 87 വരെ കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു പിള്ള. 1987 മുതല്‍ 95 വരെ കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായി. 1995ലെ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായപ്പോള്‍ പിള്ള പ്രതിപക്ഷത്തായി.

കേരളത്തില്‍ മന്ത്രിയായിരിക്കെ പിള്ള ലോക്‌സഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ, ക്രമപ്രശ്നമായി ഉന്നയിച്ച് പ്രതിപക്ഷാംഗമായ സ്വതന്ത്ര പാര്‍ട്ടിയുടെ പീലു മോഡി ചോദ്യം ചെയ്തിരുന്നു. കക്ഷി നേതാവെന്ന നിലയില്‍ പിള്ള ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു സ്പീക്കര്‍ ജി.എസ്. ധില്ലന്റെ മറുപടി. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനായി പിള്ളയും കാത്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന സഭയില്‍ ഹാജരാകുക എന്നത് ഭരണഘടനാപരമായ അവകാശമാണ് എന്നായിരുന്നു സ്പീക്കറുടെ മറുപടി. മന്ത്രിയാകുന്നതും അതേ അവകാശമാണ്. ലോക്‌സഭ അംഗത്വത്തിന് ഭംഗം വരാതെ മന്ത്രിയായി തുടരാമെന്നും സ്പീക്കര്‍ അറിയിച്ചു.

1994ലാണ് പഞ്ചായത്ത് രാജ് ആക്ട് കേരളത്തില്‍ നടപ്പാക്കുന്നത്. അതിനു മുമ്പുവരെ സംസ്ഥാനത്തെ ഒരു എംഎല്‍എയ്ക്ക് എംപിയോ, പഞ്ചായത്ത് അംഗമോ, പ്രസിഡന്റോ ആകുന്നതിനൊന്നും തടസമില്ലായിരുന്നു. 1978ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലെ യു.എ. ബീരാന്‍ വിഭ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1963 മുതൽ 80 വരെയും 1990-93 കാലത്തും കോട്ടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബീരാൻ. 1982ല്‍ കെ. കരുണാകരൻ മന്ത്രിസഭയിൽ ബീരാന്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായിരുന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയായിരുന്ന പി.​കെ. അ​ബ്​​ദു​റ​ബ്ബും ഇത്തരത്തില്‍ ഇരട്ട പദവി വഹിച്ചിട്ടുണ്ട്. 1988മുതല്‍ 2000 വരെ ​പ​ര​പ്പ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റായിരുന്ന റബ്ബ് 1996ല്‍ ​താ​നൂ​രി​ൽ​നി​ന്നാണ് നി​യ​മ​സ​ഭ​യി​ലെ​ത്തിയത്.

SCROLL FOR NEXT