ബിനോയ് വിശ്വം Source: News Malayalam 24x7
ASSEMBLY ELECTION 2026

സിപിഐഎം-ബിജെപി ഡീല്‍ ആരോപണം: യുഡിഫ്-ബിജെപി സഖ്യത്തിന്റെ യഥാര്‍ഥ പൊരുള്‍ ആരും കാണാതിരിക്കാനുള്ള തന്ത്രമെന്ന് ബിനോയ് വിശ്വം

യുഡിഎഫ്-ബിജെപി സഖ്യത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സിപിഐഎം-ബിജെപി ഡീലെന്ന കോൺഗ്രസ് ആരോപണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം യുഡിഎഫ്-ബിജെപി സഖ്യത്തിന്റെ യഥാർഥ പൊരുൾ മറച്ചുവെക്കാനുള്ള തന്ത്രമാണ്. സ്വന്തം കള്ളങ്ങൾ മൂടിവെക്കാൻ നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ നേരിടാൻ കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ്-ബിജെപി സഖ്യത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ യുഡിഎഫ് അധികാരത്തിലേറിയില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞ വി.ഡി. സതീശൻ വാക്ക് പാലിക്കുന്ന വ്യക്തിയാണെങ്കിൽ ഇപ്പോൾ തന്നെ കെട്ടു മുറുക്കണമെന്നും ബിനോയ് വിശ്വം പരിഹസിച്ചു. അമ്പലപ്പുഴ സീറ്റിന്‍റെ പാർട്ടി വിട്ട ജി. സുധാകരന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഒരു സഖാവായ അദ്ദേഹം പാർട്ടി വിടാൻ പാടില്ലായിരുന്നു. ഈ തീരുമാനത്തിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പാലക്കാട് ഉൾപ്പെടെ കേരളത്തിൽ 10 സീറ്റുകളിൽ സിപിഐഎം-ബിജെപി ഡീലുണ്ടെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം. പാലക്കാട് സിപിഐഎം ദുർബലനായ സ്ഥാനാർഥിയെ നിർത്തി ബിജെപിയ്ക്ക് സീറ്റ്‌ നൽകാൻ നോക്കുകയാണെന്നും ദുർബലരായ സ്ഥാനാർഥിയെ നിർത്തിയ സ്ഥലത്തെല്ലാം അതുതന്നെയാണ് ഉദ്ദേശ്യമെന്നുമായിരുന്നു വി.ഡി. സതീശന്റെ ആരോപണം. ട്വന്റി 20 ദുർബലരായ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും സതീശൻ പറഞ്ഞിരുന്നു. സമാനമായ ആരോപണം കെ.സി. വേണു​ഗോപാലും ഉയർത്തിയിരുന്നു.

ഡീലരോപണം ശരിവെച്ച് കുഞ്ഞാലിക്കുട്ടിയും ​രം​ഗത്തെത്തിയിരുന്നു. സ്ഥാനാർഥികളെ പരിശോദിച്ചാൽ അത് ബോധ്യമാകുമെന്നും പരിശോധനയിൽ 10 മണ്ഡലങ്ങളിൽ അത് വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ ആരോപണം തള്ളി നിരവധി സിപിഐഎം നേതാക്കൾ രം​ഗത്തെത്തിയിരുന്നു. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.

വി.ഡി. സതീശൻ്റെ ആരോപണത്തെ തള്ളി പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനും പ്രതികരിച്ചിരുന്നു. സതീശന്റെ പ്രസ്താവന കോൺഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നും ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം അതത് മുന്നണികൾക്കാണെന്നുമായിരുന്നു അവരുടെ പ്രതികരണം. തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നും ശോഭ പരി​ഹസിച്ചിരുന്നു.

SCROLL FOR NEXT