Source: FB
ASSEMBLY ELECTION 2026

ബി. ഗോപാലകൃഷ്ണൻ്റെ വർഗീയ പ്രചാരണത്തിൽ ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി; തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

ഗോപാലകൃഷ്ണനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് പാർട്ടിയില്‍ ഒരു വിഭാഗത്തിന്‍റെ നിലപാട്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തില്‍ ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പ് സമയത്തെ വിവാദത്തില്‍ കടുത്ത എതിർപ്പാണ് സംസ്ഥാന - ജില്ലാ നേതൃത്വങ്ങളില്‍ നിന്ന് ഉയരുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ വിവാദങ്ങൾ ബോധപൂർവ്വമാണെന്നും വർഗീയതയിൽ ഊന്നിയുള്ള പരാമർശങ്ങൾ മറ്റ് മണ്ഡലങ്ങളിൽ തിരിച്ചടിയാകുമെന്നുമാണ് ആശങ്ക. ഈ ഘട്ടത്തില്‍ വിവാദം ഏറ്റെടുക്കേണ്ടതില്ലെന്നും ഗോപാലകൃഷ്ണനെ പിന്തുണയ്‌ക്കേണ്ടതില്ല എന്നുമാണ് പാർട്ടിയില്‍ ഒരു വിഭാഗത്തിൻ്റെ നിലപാട്.

ഗോപാലകൃഷ്ണനെതിരെ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തൽ. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊണ്ട വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന് കെഎസ്‌യുവും സിപിഐഎമ്മും നൽകിയ പരാതിയിലാണ് നടപടി.

48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെയാണ് ബിജെപി വീഡിയോ പ്രചരിപ്പിച്ചത്. ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും ആണ് ഗുരുവായൂരിൽ എംഎൽഎ ആക്കുന്നതെന്ന് പറഞ്ഞായിരുന്നു ഗോപാലകൃഷ്ണൻ പ്രചാരണ വീഡിയോ പങ്കുവച്ചത്. 48 % ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീം സ്ഥാനാർഥികളെ മാത്രമാണ്. ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് ഇരു മുന്നണികളുടെയും നടപടിയെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നുണ്ട്. ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

SCROLL FOR NEXT