കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തൽ. ജില്ലയിലെ മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കുന്ദമംഗലം, നാദാപുരം, കോഴിക്കോട് സൗത്ത് സീറ്റുകളിലാണ് പ്രതിസന്ധി. അതേസമയം വോട്ട് ചോർച്ചയുണ്ടെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിന് എലത്തൂർ ജയിക്കുമെന്നാണ് സിപിഐഎം ജില്ലാ സെന്റർ യോഗത്തിൽ വിലയിരുത്തൽ.
വിവാദങ്ങളിലൂടെ ശ്രദ്ധേയമായ പേരാമ്പ്രയിൽ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. ആര് ജയിച്ചാലും ഭൂരിപക്ഷം 5000 ൽ താഴെയായിരിക്കുമെന്നാണ് ഇരുമുന്നണികളും ഒരു പോലെ പറയുന്നത്. ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ പഞ്ചായത്തുകളിൽ ലീഡ് ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
എന്നാൽ പേരാമ്പ്ര, തുറയൂർ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പവും മേപ്പയൂർ, കീഴരിയൂർ, അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളിൽ ലീഡ് ചെയ്യുമെന്ന് എൽഡിഎഫ് കണക്കുകൂടുന്നു. ഇരുകൂട്ടരുടെയും കണക്കുകൾ പ്രകാരം പേരാമ്പ്ര, തുറയൂർ പഞ്ചായത്തുകളിലെ വോട്ടുകളാണ് നിർണായകമായി മാറുക.