കോട്ടയം: വയനാട് ദുരന്ത ബാധിതർക്കുള്ള പണപ്പിരിവിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പിന്മാറിയവരുണ്ട്. ആദ്യം ലീഗ് പിന്മാറി. കുറച്ചു കഴിഞ്ഞ് കോൺഗ്രസും ആ വഴിക്ക് പോയി. പിരിച്ചു എന്നത് ശരിയാണ് എന്നാൽ പിരിച്ച കാശ് ദുരന്ത ബാധിതർക്ക് കിട്ടിയിട്ടില്ല. വീടുകളുടെ നിർമാണം സർക്കാർ പൂർത്തിയാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. കർണാടക സർക്കാർ തന്നത് കോൺഗ്രസ് തന്നതാണ് എന്ന് കരുതാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
സാധാരണ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം സർക്കാരിന് എതിരായി വിമർശനം ഉന്നയിക്കും. എന്നാൽ പ്രതിപക്ഷം നിസഹായ അവസ്ഥയിലാണ്. വിമർശനം ഉന്നയിക്കാൻ അവർക്ക് കഴിയുന്നില്ല. സർക്കാരിന് എതിരായി ഒന്നും പറയാനില്ല. നിയമസഭയുട അവസാന സമ്മേളനത്തിൽ പോലും കാര്യമായ വിമർശനം ഉന്നയിച്ചില്ല. സർക്കാരിനെ എതിർക്കാൻ നുണകളെ ആണ് ആശ്രയിക്കുന്നത്. അതിന് പ്രൊഫഷണൽ ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നുണ്ട്, പിണറായി വിജയൻ്റെ വാക്കുകൾ.
കിഫ്‌ബിയുടെ വികസനം എത്താത്ത ഏത് മണ്ഡലമാണ് ഉള്ളതെന്നും പിണറായി വിജയൻ ചോദിച്ചു. ഭരണപക്ഷത്തെ പ്രതിപക്ഷം എതിർക്കണം. അതിൽ തെറ്റൊന്നുമില്ല. പക്ഷെ നാടിന്റെ വികസനത്തെ എതിർക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതിന് കാരണം എൽഡിഎഫ് സർക്കാരാണ്. അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന പദവി ആണ് ആവിശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.