സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിൽ അനുനയത്തിനും പ്രതിരോധത്തിനുമെല്ലാം ഒരുപോലെ കോൺഗ്രസിന്റെ ശബ്ദമായി മാറിയ നേതാവ്. ഒരു സ്കൂൾ വിദ്യാർഥിയുടെ കൗതുകത്തിൽ നിന്ന് തുടങ്ങിയ യാത്ര വിദ്യാർഥി സംഘടനയുടെ തലപ്പത്തേക്കും അവിടെ നിന്നും കേരള രാഷ്ട്രീയത്തിന്റെ മുൻ നിരയിലേക്കും വളർന്നുപടർന്നത് എങ്ങനെയന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉദാഹരണമാണ് രമേശ് ചെന്നിത്തല. ഇത്തവണ കേരളത്തിൽ അത്യന്തം നിർണായകമായ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുക എന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ്. യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യം പൂർത്തിയാക്കാൻ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് രമേശ് ചെന്നിത്തല ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
1. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അത്യന്താപേക്ഷിതമാണെന്ന് പറയുമ്പോൾ, പാർട്ടിക്കുള്ളിൽ സാധാരണയേക്കാൾ കൂടുതൽ പ്രതിസന്ധി ഉണ്ടായത് നിഷേധിക്കാൻ കഴിയില്ലല്ലോ?
കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും യാതൊരു പ്രതിസന്ധിയും ഇല്ല എന്നത് മാത്രമല്ല മുന്നണിയും പാര്‍ട്ടിയും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഒറ്റക്കെട്ടാണ്. ടീം യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ വക്കുന്നത് ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം കൂടിയാണ്. പത്തു വര്‍ഷത്തെ ഇടതു ഭരണം അവസാനിപ്പിച്ചു യുഡിഫ് നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ടീം യുഡിഎഫിന്റെ ദൗത്യം. അതു ഞങ്ങള്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.
2. ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്ന പ്രധാന പേരുകളിലൊന്ന് താങ്കളുടേതാണ്. അങ്ങനെയെങ്കിൽ പാർട്ടിയിൽ കൂടുതൽ വിയോജിപ്പ് ഉയരുമെന്നതരത്തിൽ വാർത്തകൾ വരുന്നുണ്ട്- പ്രതികരണം?
മുഖ്യമന്ത്രി ആരാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നത്. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. ഇക്കാലമത്രയും എല്ലാ സംസ്ഥാനങ്ങ ളിലും കോണ്‍ഗ്രസ് സ്വീകരിച്ചു പോന്നിട്ടുള്ള നടപടിക്രമം അതാണ്.
3. കഴിഞ്ഞ തവണ ഭരണം നഷ്ടമായപ്പോൾ ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവാകാൻ തയ്യാറായില്ല. ആ പിൻവാങ്ങലിന് കാരണം ?
ഒരു പുതിയ നേതൃത്വം വേണം എന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതു കൊണ്ടുണ്ടായ മാറ്റമാണത്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിര്‍ദേശം എന്താണോ അതാണ് നടപ്പാകേണ്ടത്.
4. ആലപ്പുഴയിൽ ഇടതിനെ - സിപിഐഎമ്മിനെ- വലിയ പ്രതിരോധത്തിലാക്കിയ ജി. സുധാകരൻ്റെ സ്വതന്ത്ര സ്ഥാനാർഥി പ്രഖ്യാപനം, കോൺഗ്രസിന് എത്ര കണ്ട് ഗുണകരമാകും?
ജി. സുധാകരന്‍ ആദര്‍ശശുദ്ധിയുള്ള ഉറച്ച കമ്മ്യൂണിസ്റ്റ് ആണ്. അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത അദ്ദേഹത്തെ സിപിഐഎം നിരന്തരം അവഗണിക്കുകയായിരുന്നു. അങ്ങിനെയാണ് അദ്ദേഹം സിപിഐഎം വിട്ടത്. ജി സുധാകരനെ അപമാനിച്ചു പുറത്താക്കുകയായിരുന്നു. അദ്ദേഹം അമ്പലപ്പുഴയില്‍ സ്വതന്ത്രനായി സിപിഐഎമ്മിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ യുഡിഫ് തീരുമാനിച്ചു. സിപിഐഎമ്മിന്റെ ജീര്‍ണതകള്‍ക്കെതിരാണ് സുധാകരന്റെ പോരാട്ടം. അതു കൊണ്ടാണ് യുഡിഫ് പിന്തുണയ്ക്കുന്നത്.
5. മൂന്നാമൂഴം ലക്ഷ്യമിട്ട് എൽഡിഎഫ് ഇറങ്ങുമ്പോൾ മാധ്യമങ്ങളോടുള്ള സമീപനത്തിലടക്കം മാറ്റം വരുത്തിയതായി കാണപ്പെടുന്നു. തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസ് പ്രചാരണത്തിൽ എത്രത്തോളം വ്യത്യസ്ഥത വരുത്തുന്നുണ്ട് ?
പിണറായി സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തന്നെ പിആര്‍ പരിപാടിയിലൂടെയാണ്. കിഫ്ബി എന്ന സംവിധാനം തന്നെ പരസ്യം നല്‍കാനുള്ളതാണ്. സംസ്ഥാനത്തിന് ആറ് ലക്ഷം കോടിയുടെ പൊതുകടമുണ്ട്. ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ പോലും പണമില്ല. അപ്പോഴാണ് കോടികള്‍ പൊടിക്കുന്ന പരസ്യ പിആര്‍ മാമാങ്കം. പിആര്‍ഡിയെ സര്‍ക്കാര്‍ വിലാസം പരസ്യ ഏജന്‍സിയായി അധഃപതിപ്പിച്ച് കഴിഞ്ഞു. പിആര്‍ ഏജന്‍സികളുടെ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. പക്ഷെ, ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയും. ഏത്ര പിആര്‍ മാമാങ്കം നടത്തിയാലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കും. അത്രയേറെ ജനവിരുദ്ധ സര്‍ക്കാരാണിത്.
6. ബിജെപിയുടെ വളർച്ച വെല്ലുവിളിയാകുമോ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഫലം എത്രത്തോളം യുഡി എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും ?
ബിജെപി- സിപിഎം ഡീല്‍ വളരെ വ്യക്തമാണ്. 2021 ലെ തെരെഞ്ഞെടുപ്പിലുണ്ടായ അതേ സിപിഎം- ബിജെപി അന്തര്‍ധാര ഈ തെരെഞ്ഞെടുപ്പിലും അരങ്ങേറാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതെല്ലാം ജനങ്ങള്‍ തള്ളിക്കളയും. സിപിഎം- ബിജെപി ഡീല്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടും. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വന്‍വിജയം കൂടുതല്‍ തിളക്കത്തോടെ ഈ നിയമസഭാ തെരെഞ്ഞെടുപ്പിലും ആവര്‍ത്തിക്കും.