ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ Source: News Malayalam 24x7
ASSEMBLY ELECTION 2026

"നിയമലംഘനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്"; മോശമായി പെരുമാറിയെന്ന ശോഭാ സുരേന്ദ്രൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

പണം നൽകിയത് ശോഭയുടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീ തന്നെയെന്നും കോൺഗ്രസ് നേതാക്കൾ...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അധിക്ഷേപ ആംഗ്യം കാണിച്ചെന്ന ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. പിന്തുടർന്ന് വേട്ടയാടിയിട്ടില്ല. നിയമലംഘനമുണ്ടായപ്പോൾ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്. പണം നൽകിയത് ശോഭയുടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീ തന്നെയെന്നും കോൺഗ്രസ് നേതാവ് വിനേഷ് സർഗ പ്രതികരിച്ചു.

വിജയം ഉറപ്പായപ്പോൾ കാറിൽ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വാദം. അധിക്ഷേപ ആംഗ്യം കാണിച്ചപ്പോഴാണ് ചോദ്യം ചെയ്തതത്. പണം നൽകിയത് തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ആളെല്ല, വേട്ടയാടി അപമാനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തന്നെ വേട്ടയാടിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശോഭാ സുരേന്ദ്രൻ വ്യക്തമായി മറുപടി നൽകിയില്ല. പണം നൽകിയ വെള്ള ചുരിദാറിട്ട സ്ത്രീയുമായി തനിക്കൊരു ബന്ധവുമില്ല, അവർ തൻ്റെ കാറിൽ കയറിയിട്ടില്ല എന്നു തുടങ്ങിയ കാര്യങ്ങൾ ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു. പിരായിരിയിൽ ബിജെപി പ്രവർത്തകർ സാരി വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ കാണിച്ചപ്പോൾ ഇത് സാരി വിതരണമാണോ എന്ന മറുചോദ്യം ശോഭാ സുരേന്ദ്രൻ തിരിച്ച് ചോദിച്ചു. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരായ ആരോപണങ്ങളും ഇതിനെതിരെ ശോഭ നിരത്തി.

അതേസമയം, പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

SCROLL FOR NEXT