കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി കെപിസിസിയുടെ ആപ്പ് മുഖേന ലഭിച്ചത് 3.78 കോടി രൂപയെന്ന് ആപ്ലിക്കേഷൻ തയ്യാറാക്കിയ ഐടി സ്ഥാപന ഉടമ അഷ്ഹർ. ചെക്ക് മുഖേന ലഭിച്ച തുക പിന്നീടാണ് കൂട്ടി ചേർക്കുക. ഏഴ് മാസത്തോളം ഫണ്ട് ശേഖരണം നടത്തി. 25,000ൽ താഴെ ആളുകൾ മാത്രമാണ് പണം നൽകിയത്. ഫണ്ട് ശേഖരണം തുടങ്ങാൻ വൈകിയതാണ് പണം കുറയാൻ കാരണം. ആപ്പിന്റെ സർവീസ് ചാർജ് ഒൻപത് ലക്ഷം ജിഎസ്ടി ഉൾപ്പടെയുള്ള തുകയാണ്. ആപ്പ് വഴി 54 കോടി കിട്ടിയെന്നത് തെറ്റായ വിവരമാണെന്നും അഷ്ഹർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മുസ്ലീം ലീഗിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ആപ്പും ഇവർ തന്നെയാണ് തയ്യാറാക്കിയിരുന്നത്. വയനാട് ദുരന്തം നടന്ന് തൊട്ട് പിന്നാലെ തന്നെ മുസ്ലീം ലീഗ് പുനരധിവാസ ഫണ്ട് ശേഖരണം ആരംഭിച്ചു. അതിനാലാണ് അവർക്ക് വേഗത്തിൽ പണം ലഭിച്ചത്. കോൺഗ്രസ് പണം പിരിക്കാൻ വൈകിയതിനാലാണ് ഫണ്ട് കുറയാൻ കാരണമെന്നും അഷ്ഹർ പറഞ്ഞു. ആപ്പ് വഴി പരമാവധി ഒരാൾക്ക് അയക്കാൻ കഴിയുന്ന തുക ഒരു ലക്ഷം രൂപയാണ്. എന്നാൽ, ലക്ഷങ്ങൾ പലരും സംഭാവനയായി നൽകിയതിൻ്റെ കണക്കുകൾ പുറത്തുവന്നിരുന്നു. ചെക്ക് വഴിയും മറ്റും കൈമാറിയ ഈ പണം ബാങ്കിലേക്ക് കൊടുക്കുകയും അത് ആപ്പിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുകയായിരുന്നുവെന്നും അഷ്ഹർ പറഞ്ഞു.
മുസ്ലീംലീഗിന്റെ ആപ്പ് നിലനിർത്തിയത് അവർ ആവശ്യപ്പെട്ടതിനാൽ എന്ന് വിശദീകരണം. ഇതുവരെ 51 വീടുകൾ മാത്രമാണ് മുസ്ലീം ലീഗ് നിർമിച്ച് നൽകിയത്. ബാക്കി വീടുകൾ കൂടി നിർമിച്ച് നൽകാനുണ്ട്. അവർ ഫണ്ട് ശേഖരണം പുനരാരംഭിച്ചിട്ടുണ്ടെന്നും അഷ്ഹർ പറഞ്ഞു.