നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് ഏറുകയാണ്. പത്രങ്ങളിലും ടിവിയിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം, മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങളും റീലുമൊക്കെ നിറഞ്ഞുനില്‍ക്കുന്നു. ഫ്ലക്സുകളും, ബാനറുകളും, ഹോര്‍ഡിങ്ങുകളും, വീടുകളില്‍ നല്‍കാന്‍ നോട്ടീസുകളും തയ്യാര്‍. ഇത്രത്തോളം സാധ്യതകള്‍ ഇല്ലാതിരുന്നെങ്കിലും, രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിലും ചില സവിശേഷ കാഴ്ചകളുണ്ടായിരുന്നു. അന്ന് എന്തിനും ഏതിനും പത്രങ്ങളായിരുന്നു ആശ്രയം. തെരഞ്ഞെടുപ്പുകാലം അക്ഷരാര്‍ഥത്തില്‍ പത്രങ്ങള്‍ക്ക് ചാകരയായിരുന്നു.
1951-52ല്‍ നടന്ന രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നായിരുന്നു. 489 ലോക്‌സഭ സീറ്റിലേക്കും, 3283 നിയമസഭാ സീറ്റിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലു മാസത്തിലേറെ എടുത്ത്, 68 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. 14 ദേശീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 53 വ്യത്യസ്ത കക്ഷികളും സ്വതന്ത്രന്മാരും ചേര്‍ന്ന് ആകെ 1847 സ്ഥാനാര്‍ഥികളാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. നിയമസഭയിലേക്ക് 15,361 പേരും മത്സരിച്ചു. 17.33 കോടി ആളുകളാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്.
ആദ്യ തെരഞ്ഞെടുപ്പായതിനാല്‍, വോട്ടെടുപ്പിനു മുമ്പ് ജനങ്ങളെ ബോധവത്കരിക്കുക എന്ന ശ്രമകരമായ ദൗത്യം കൂടിയുണ്ടായിരുന്നു. അതിനായി പത്രങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. വോട്ടവകാശം, വോട്ടേഴ്‌സ് ലിസ്റ്റ്, പേരു ചേര്‍ക്കല്‍, സ്ഥാനാര്‍ഥി നിര്‍ണയം, പത്രികാ സമര്‍പ്പണം, പ്രചാരണം തുടങ്ങി... എന്തിന് വോട്ട് ചെയ്യണം, എങ്ങനെ വോട്ട് ചെയ്യണം എന്നതുള്‍പ്പെടെ കാര്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത് പലയിടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടെടുപ്പ് റിഹേഴ്‌സലുകളെക്കുറിച്ചുള്ള വാര്‍ത്തകളും ഇടംപിടിച്ചു. വാര്‍ത്താക്കുറിപ്പുകള്‍ പത്രങ്ങള്‍ക്ക് താമസംവിനാ ലഭ്യമാക്കാന്‍ കമ്മീഷനും ശ്രദ്ധിച്ചിരുന്നു. പത്രങ്ങള്‍ സ്വന്തം നിലയ്ക്കും ഫീച്ചറുകള്‍ നല്‍കി. അങ്ങനെ, അക്കാലത്തെ പത്രങ്ങളിലെ വാര്‍ത്തകളിലേറെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിച്ചതോടെ പത്രങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു. വോട്ടര്‍മാര്‍ക്കൊപ്പം, രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ഥികളും പത്രത്തെ വലിയൊരു സാധ്യതയായി കണ്ടു. പതിവ് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കൊപ്പം, രാഷ്ട്രീയ പാര്‍ട്ടികളുടെയും, സ്ഥാനാര്‍ഥികളുടെയും വാഗ്ദാനങ്ങളും പ്രചാരണങ്ങളുമൊക്കെ വാര്‍ത്തയില്‍ ഇടംപിടിച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് കാലത്ത് 397 പത്രങ്ങളാണ് തുടക്കമിട്ടത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയില്‍ ഏറെയും പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നതാണ് രസകരമായ വസ്തുത.