ASSEMBLY ELECTION 2026

"താര പ്രചാരകരും രാഷ്ട്രീയ നേതാക്കളും എല്ലാത്തരം പരസ്യ ഇടപെടലുകളും ഒഴിവാക്കണം"; കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വാർത്താ സമ്മേളനങ്ങൾ വിളിച്ചുചേർക്കുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളിൽ പ്രത്യേക അഭിമുഖങ്ങൾ നൽകുന്നതിനും വിലക്കുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിശബ്ദ പ്രചാരണ ദിവസം രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. താര പ്രചാരകരും, പ്രമുഖ നേതാക്കളും വാർത്താ സമ്മേളനങ്ങൾ നടത്താനോ മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനോ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും നിർദേശം കർശനമായി പാലിക്കണമെന്ന് ഡോ. രത്തൻ യു. ഖേൽക്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കൊട്ടിക്കലാശത്തിന്‍റെ ആഘോഷ-ആരവങ്ങള്‍ അടങ്ങി നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള എല്ലാത്തരം പരസ്യ ഇടപെടലുകളും ഒഴിവാക്കണം എന്നാണ് നിർദേശം.

താര പ്രചാരകരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളിലൂടെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും. വാർത്താ സമ്മേളനങ്ങൾ വിളിച്ചുചേർക്കുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളിൽ പ്രത്യേക അഭിമുഖങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.

കേരളത്തിന് പുറമെ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമാണ്. 2026 മാർച്ച് 15ന് പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ ചട്ടങ്ങൾ അനുസരിച്ചാണ് നടപടി.

SCROLL FOR NEXT