തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാത്ത ഉദ്യോഗസ്ഥരുടെ വ്യക്തമായ കണക്ക് പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. 1.45 ലക്ഷം പേരിൽ 93 ശതമാനം ആളുകൾ വോട്ട് ചെയ്തതായാണ് കണക്ക്. മുപ്പത്തിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് അവരുടെ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സർവീസ് സംഘടനകളുടെ ആരോപണം. തെരഞ്ഞെടുപ്പ് നടത്തിപ്പുകാരായ ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഗുരുതരമാണെന്നാണ് ഉയരുന്ന പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾപ്രകാരം 1,45,000 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവരിൽ 1,35,068 പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ ബാക്കിയുള്ള 9,932 പേർക്ക് വോട്ട് രേഖപ്പെടുത്താനായോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസാന ദിവസം വോട്ട് ചെയ്തവരുടെ കണക്കും ലഭ്യമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളവരും ഉൾപ്പെടുന്നതിനാൽ ജില്ലകളിലെ റിട്ടേണിങ് ഓഫീസർമാർക്കാണ് കൃത്യമായ എണ്ണം അറിയാൻ കഴിയുക എന്നാണ് കമ്മീഷന്റെ വാദം.
അതേസമയം സ്വന്തം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇവിഎമ്മിലൂടെ വോട്ട് ചെയ്തിട്ടുണ്ടെന്നും. അർഹരായവർക്ക് വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും കമ്മീഷൻ പറയുന്നു. ചുരുങ്ങിയ വോട്ടുകൾ പോലും സ്ഥാനാർഥികളുടെ വിജയത്തെ ബാധിക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും അവരുടെ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നാണ് ഉയരുന്ന ആവശ്യം.