തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2.71 കോടി വോട്ടർമാരാണ് ഇത്തവണ പട്ടികയിലുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. എറണാകുളത്താണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനും സപ്ലിമെന്ററി ലിസ്റ്റിനും ശേഷമുള്ള അന്തിമ കണക്ക് പ്രകാരം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുക രണ്ട് കോടി 71 ലക്ഷത്തി 42 ആയിരത്തി 952 പേർക്കാണ്. ഇവരിൽ 1 കോടി 32 ലക്ഷത്തി , ഇരുപതിനായിരത്തി 811 പേർ പുരുഷൻമാരും 1 കോടി 39 ലക്ഷത്തി 21, 868 പേർ സ്ത്രീകളുമാണ്. പട്ടികയിൽ 273 പേർ ട്രാൻസ്ജെൻഡേഴ്സാണ്. തിരുവനന്തപുരത്താണ് കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത്.
140 നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്. 1,36,223 വോട്ടർമാരുള്ള എറണാകുളം മണ്ഡലത്തിലാണ് വോട്ടർമാർ കുറവ്. ജില്ലാ തലത്തിൽ മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ. കുറവ് വോട്ടർമാർ വയനാടും. 59 ലക്ഷത്തി 39 നായിരിത്തി ജെൻസീ വോട്ടർമാർ ഇത്തവണ പട്ടികയിലുണ്ട്. 30നും 60 വയസിനും ഇടയിലുള്ളത് ഒന്നര കോടിയിലധികം പേർ. 63,47,358 പേരാണ് 60 വയസിന് മുകളിലുള്ളത്. ഇതിൽ 110നും 119നും വയസിനിടയിൽ പ്രായമുള്ള 54 വോട്ടർമാരുണ്ട്.
ആകെ വോട്ടർമാരിൽ പ്രവാസികളുടെ എണ്ണം 2,42,093. കോഴിക്കോടാണ് കൂടുതൽപ്രവാസി വോട്ടർമാരുള്ളത്. 791 പേരുള്ള ഇടുക്കിയിലാണ് പ്രവാസികൾ കുറവ്. കോഴിക്കോട് ജില്ലയിലാണ് ഭിന്നശേഷി വോട്ടർമാർ കൂടുതലുള്ളത്. കുറവ് വയനാടാണ്. 53,984 സർവീസ് വോട്ടർമാരും സംസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകൾ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. അതേ സമയം 890 സ്ഥാനാർത്ഥികളാണ് ഏപ്രിൽ ഒമ്പതിന് ജനവിധി തേടുന്നത്.