തെരഞ്ഞെടുപ്പുകാലത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചുള്ള പരാതിയും പരിഭവവുമൊക്കെ സാധാരണമാണ്. വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴും രംഗത്തുവരാറുമുണ്ട്. ഇന്ത്യയില്‍ ആദ്യമായി വോട്ടിങ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച കേരളത്തിലെ നോര്‍ത്ത് പറവൂരിനും പറയാനുണ്ട് ഒരു കഥ.
1982ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് പറവൂരില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചത്. 85 പോളിങ് സ്റ്റേഷനുകളില്‍ 50 ഇടത്താണ് ഇവിഎം ഉപയോഗിച്ചത്. ആറ് സ്ഥാനാര്‍ഥികളില്‍ സിപിഐയിലെ എന്‍. ശിവന്‍ പിള്ളയും കോണ്‍ഗ്രസിലെ എ.സി. ജോസും തമ്മിലായിരുന്നു പ്രധാന മത്സരം. ഫലം വന്നപ്പോള്‍, ശിവന്‍ പിള്ള 30,450 വോട്ടുകളും, ജോസ് 30,327 വോട്ടുകളും നേടി. 123 വോട്ടിന് ശിവന്‍ പിള്ളയ്ക്ക് ജയം.
പക്ഷേ, തോല്‍വി അംഗീകരിക്കാന്‍ ജോസ് തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ ഇവിഎം ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ജോസ് കേരള ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ശരിവച്ച ഹൈക്കോടതി ഫലത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഇതോടെ, ജോസ് സുപ്രീം കോടതിയില്‍ പോയി. വോട്ടെടുപ്പിന് ഇവിഎം ഉപയോഗിക്കുന്നതിന് നിയമ സാധുത നല്‍കുന്ന കാര്യം നിയമനിര്‍മാണ സഭയ്ക്ക് വിട്ട കോടതി 50 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. അങ്ങനെ 1984ല്‍, ഇവിഎം ഉപയോഗിച്ച 50 ബൂത്തുകളില്‍ ബാലറ്റ് ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തി. ശേഷിച്ച 34 ബൂത്തുകളിലെ വോട്ടുകളും ചേര്‍ത്ത് എണ്ണിയപ്പോള്‍, എ.സി. ജോസിന് 32,781 വോട്ടും ശിവന്‍ പിള്ളയ്ക്ക് 31,335 വോട്ടുകളും ലഭിച്ചു. അതായത്, 1446 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജോസിനായിരുന്നു ജയം.
ആദ്യ പരീക്ഷണം കോടതി കയറിയെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിഎമ്മുമായി മുന്നോട്ടുപോയി. 1988 ഡിസംബറില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ 61 എ എന്ന പുതിയ സെക്ഷന്‍ ചേര്‍ത്ത്, ഇവിഎം ഉപയോഗത്തിന് നിയമ സാധുത കൊണ്ടുവന്നു. സുപ്രീം കോടതിയും പിന്നീട് ഇത് ശരിവച്ചു. 1998ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളിലായി 16 നിയമസഭാ മണ്ഡലങ്ങളില്‍ ഇവിഎം ഉപയോഗിച്ചു.
തൊട്ടടുത്ത വര്‍ഷം 46 പാര്‍ലമെന്റ് മണ്ഡലങ്ങളിലും, 2000ല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 മണ്ഡലങ്ങളിലും ഇവിഎം ഉപയോഗിച്ചു. 2001ല്‍ തമിഴ്‌നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്ലാ മണ്ഡലങ്ങളിലും ഇവിഎം ഉപയോഗിച്ചു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും, 2004 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവിഎം മാത്രമായി. തെറ്റിയും തിരുത്തിയും ഇവിഎം ജനാധിപത്യ പ്രക്രിയയുടെ ഭാഗമായത്.