ASSEMBLY ELECTION 2026

തിരുവനന്തപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ, കൊഴിഞ്ഞ് പോക്ക് തടയാൻ കോൺഗ്രസിന് സാധിച്ചില്ല: എൻ.എസ്. നുസൂർ

വയനാട് ഭവന നിർമാണത്തിനായി പിരിച്ച തുകയിൽ ഒരു കോടിയുടെ കണക്ക് മാത്രമേ യൂത്ത് കോൺഗ്രസിൻ്റെ പക്കൽ ഉള്ളുവെന്നും എൻ.എസ്. നുസൂർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജില്ലയിൽ യുഡിഎഫ്-ബിജെപി ഡീൽ ഉണ്ടെന്ന ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. പാർട്ടിയിൽ നിന്ന് പോയ ബി.എസ്. അനൂപിനെയും അരുൺരാജിനെയും പോലെ ഉള്ളവരെ പിടിച്ചുനിർത്താൻ കോൺഗ്രസിന് സാധിച്ചില്ല. ബിജെപി റിക്രൂട്ടിങ് ഏജന്റെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞത് സത്യമായെന്നും എൻ.എസ്. നുസൂർ പറഞ്ഞു. കോൺഗ്രസ് പറയുന്നതുപോലെ പാലക്കാട് സിപിഐഎം-ബിജെപി ഡീൽ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും എൻ.എസ്. നുസൂർ ചോദിച്ചു.

"ഞാൻ ഉന്നയിച്ച വിഷയങ്ങൾ ദേശീയ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ വന്നു. കൊഴിഞ്ഞ് പോക്ക് തടയാൻ ഉത്തരവാദിത്തപ്പെട്ട ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ചിറയിൻകീഴ് മത്സരിച്ച ബി.എസ്. അനൂപ് എൻഡിഎ സ്ഥാനാർഥിയായി. യൂത്ത് കോൺഗ്രസ് മുൻ നേതാവ് അരുൺരാജും ചടയമംഗത്ത് സ്ഥാനാർഥി ആയി. കോൺഗ്രസിന് ഇവരെ പിടിച്ച് നിർത്താൻ സാധിക്കുമായിരുന്നു", എൻ.എസ്. നുസൂറിന്റെ വാക്കുകൾ.

സി.കെ. ജാനുവിനെ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും എൻ.എസ്. നുസൂർ പറഞ്ഞു. പാലക്കാട് സിപിഐഎം-ബിജെപി ഡീൽ ഉണ്ടെന്നാണ് ഇപ്പോഴത്തെ പ്രചാരണം. എങ്ങനെയാണ് അത് ഡീൽ ആകുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളെയാണ് ഇടതുപക്ഷം സ്ഥാനാർഥിയാക്കിയത്. ജയിക്കാൻ കഴിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കിയില്ല. മലബാർ മേഖലയിൽ ന്യൂനപക്ഷ വിഭാഗത്തെ കോൺഗ്രസ് അവഗണിച്ചു. കോഴിക്കോട് ഒരു സീറ്റ് പോലും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഭവന നിർമാണത്തിനായി ഒരോ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ വീതം പിരിക്കാനാണ് തീരുമാനിച്ചത്. കണക്ക് അനുസരിച്ച് രണ്ടര കോടിയിൽ അധികം പിടിച്ചിട്ടുണ്ട്. എന്നാൽ ഒരു കോടിയുടെ കണക്ക് മാത്രമേ യൂത്ത് കോൺഗ്രസിൻ്റെ പക്കൽ ഉള്ളൂ. ഇത് കെപിസിസി അന്വേഷിക്കണം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി പണം പിരിച്ചെന്നും എന്നാൽ ഓഫീസ് ഇതുവരെയും നിർമിച്ചിട്ടില്ലെന്നും നുസൂർ ആരോപിച്ചു. ഇതും കെപിസിസി നേതൃത്വം അന്വേഷിക്കണമെന്നും എൻ.എസ്. നുസൂർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT