ASSEMBLY ELECTION 2026

"സമൂഹത്തിനേറ്റ ആഘാതം മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തു?"; ബി. ഗോപാലകൃഷ്ണൻ്റെ വർഗീയ പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി

സംഭവത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി ഹൈക്കോടതി. പരാമർശം ഗൗരവതരമാണെന്നും രാജ്യത്തിനും സമൂഹത്തിനുമുണ്ടായ ആഘാതം എങ്ങനെ മറികടക്കുമെന്നും ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണെന്നും സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, ‌സംഭവത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തിരുന്നു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയതിന് പിന്നാലെയായിരുന്നു നടപടി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തൽ. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊണ്ട വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് കെഎസ്‌യുവും സിപിഐഎമ്മുമാണ് പരാതി നൽകിയത്.

48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെയാണ് ബിജെപി വീഡിയോ പ്രചരിപ്പിച്ചത്. ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും ആണ് ഗുരുവായൂരിൽ എംഎൽഎ ആക്കുന്നതെന്ന് പറഞ്ഞായിരുന്നു ഗോപാലകൃഷ്ണൻ പ്രചാരണ വീഡിയോ പങ്കുവച്ചത്.

48% ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീം സ്ഥാനാർഥികളെ മാത്രമാണ്. ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് ഇരു മുന്നണികളുടെയും നടപടിയെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നുണ്ട്. ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

SCROLL FOR NEXT