തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയ്ക്കായി ഹൈക്കമാൻഡിൽ സമ്മർദം ശക്തമാക്കി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മോഹത്തിൽ നിന്ന് കെ.സി. വേണുഗോപാൽ പിന്മാറിയാൽ കെ.സി. അനുകൂല എംഎൽമാർ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കും. നിലവിൽ കെ.സി. വേണുഗോപാലിന് 49 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് കമന്റ് ബോക്സിലും സതീശൻ അനുകൂലികളുടെ പോരാട്ടം തുടരുകയാണ്. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകളിലെ പോസ്റ്റിലാണ് കമന്റ് ക്യാംപയിൻ നടക്കുന്നത്. ഇതിനോടകം തന്നെ കമന്റുകൾ ഒന്നര ലക്ഷം കടന്നു.
അതേസമയം, മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട പ്രകടനങ്ങളിൽ നാട്ടുകാർക്ക് പ്രശ്നമില്ലെന്ന് കെ. മുരളീധരൻ. കോൺഗ്രസിലെ ജനാധിപത്യ പ്രക്രിയയിൽ ഇതെല്ലാം സാധാരണമാണ്. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മെയ് മൂന്നാം വാരമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. എന്തിനാണ് ഇത്ര തിരക്ക്. ഇരുപത്തിമൂന്നാം തീയതി വരെ കാലാവധി ഉണ്ട്. ഞായറാഴ്ച പ്രഖ്യാപനം വരുമെന്നും കെ. മുരളീധരൻ പറഞ്ഞു.
ഹൈക്കമാൻഡിന് ഓപ്പൺ മൈൻഡ് ആണുള്ളത്. ഞാൻ ആരെ പിന്തുണച്ചു എന്ന് പറയുന്നതിൽ യാതൊരു മടിയുമില്ല. ജനാധിപത്യ പ്രക്രിയയിൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് തീരുമാനിക്കേണ്ടതല്ല ഇത്. ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മണ്ഡലത്തിലെ ജനവികാരം കൂടി കണക്കിലെടുത്താണ് നിരീക്ഷകരെ അഭിപ്രായം അറിയിച്ചത്, കെ. മുരളീധരൻ്റെ വാക്കുകൾ.