ജോൺ ബ്രിട്ടാസ് എംപി Source: News Malayalam 24x7
ASSEMBLY ELECTION 2026

മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ രേവന്ത് ആരാണ്? ക്ഷതമേറ്റത് മലയാളിയുടെ ആത്മാഭിമാനത്തിന്: ജോൺ ബ്രിട്ടാസ് എംപി

കേരളത്തിലേക്ക് രേവന്ത് ഇറക്കിയത് ആയിരം കോടിയെന്നും റിയൽ എസ്റ്റേറ്റ് മുതലാളിമാരോട് പണം ആവശ്യപ്പെട്ടതിന് ഓഡിയോ റെക്കോർഡുണ്ടെന്നും ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരെ ഗുരുതര ആരോപണവുമായി ജോൺ ബ്രിട്ടാസ് എംപി. കേരളത്തിലേക്ക് രേവന്ത് ഇറക്കിയത് ആയിരം കോടിയെന്നും റിയൽ എസ്റ്റേറ്റ് മുതലാളിമാരോട് പണം ആവശ്യപ്പെട്ടതിന് ഓഡിയോ റെക്കോർഡുണ്ടെന്നും ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചു. കേരള മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ തെലുങ്കന് എന്ത് അധികാരമെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ എൽപിഎസ് ആൻഡ് നഴ്സറി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ബ്രിട്ടാസിൻ്റെ പ്രതികരണം.

തെലങ്കാനയിലെയും ആന്ധ്രയിലെയും റിയൽ എസ്റ്റേറ്റ് മുതലാളിമാരെ വിളിച്ച് രേവന്ത് റെഡ്ഡി ആയിരം കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ബ്രിട്ടാസ് പറഞ്ഞു. അവരിൽ ചിലർ അത് റെക്കോർഡും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ പ്രചാരണത്തിന്റെ മുഖ്യ കാർമികത്വം അദ്ദേഹത്തിന് നൽകിയത്. മുഖ്യമന്ത്രി പറഞ്ഞ ഡാഷിൽ മലയാളിക്ക് ഇഷ്ടമുള്ളത് എന്തും പൂരിപ്പിക്കാം. നമ്മൾ ജനവിധിയിലൂടെ തെരഞ്ഞെടുത്ത നേതാവിനെ ആക്ഷേപിക്കാൻ ഇയാൾ ആരാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോയെന്നും ബ്രിട്ടാസ് ചോദിച്ചു.

മുഖ്യമന്ത്രിയെ ആക്ഷേപിച്ചപ്പോൾ മലയാളിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റതെന്ന് ബ്രിട്ടാസ് പറഞ്ഞു. തെലങ്കാനയിലെ മുഖ്യമന്ത്രിയെ കൊണ്ടുവന്നു കോമാളി വേഷം കെട്ടിച്ചു. പോളിങ് ശതമാനം കൂടുമ്പോൾ സന്തോഷത്തിന്റെ നെഞ്ചിടിപ്പ് ഉയരുന്നു. പ്രതിപക്ഷ നേതാവിന് വനവാസത്തിന് പോകാൻ നല്ല കാട് നിങ്ങൾ കണ്ടെത്തണം. ഞങ്ങൾ പറഞ്ഞു വിടുന്നതല്ല, അദ്ദേഹം സ്വമേധയാ ഏറ്റെടുത്തതാണ്. ഞാനാണ് കേമൻ എന്ന നാട്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രസ്താവനയാകാം അതെന്നും ബ്രിട്ടാസ് പറഞ്ഞു.

SCROLL FOR NEXT