വയനാട്: വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വയ്ക്കാനായി കോൺഗ്രസ് വാങ്ങിയ ഭൂമിയുടെ കണക്ക് തെറ്റെന്ന് വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. അഞ്ച് കോടി രൂപയ്ക്കാണ് ഭൂമി ഏറ്റെടുത്തതെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ നുണയാണെന്ന് റഫീഖ്. ആധാരം രജിസ്റ്റർ ചെയ്തത് പ്രകാരം ചെലവായത് 3,21,25,500 രൂപ മാത്രം. ഫേസ്ബുക്ക് പോസ്റ്റിലൂടെ രേഖകളും കെ. റഫീഖ് പുറത്തുവിട്ടു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
5 കോടി കൊടുത്താണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് ഭൂമി വാങ്ങിയതെന്നാണ് കെ പി സി സി പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.
കെ പി സി സി പ്രസിഡണ്ടിൻ്റെ പേരിലുള്ള പ്രസ്തുത സ്ഥലത്തിൻ്റെ ആധാരപ്രകാരം 3 കോടി 21 ലക്ഷമാണ് (3,21,25,500) സ്ഥലത്തിന് കൊടുത്തതായി കാണിച്ചിരിക്കുന്നത്.
കണക്കുകൾ പൊരുത്തപ്പെടുന്നില്ലല്ലോ കെപിസിസി പ്രസിഡൻ്റേ. പ്രസിഡൻ്റ് അവകാശപ്പെട്ടതും രേഖയിലുള്ളതും വെച്ച് നോക്കുമ്പോൾ ഒന്നേ മുക്കാൽ കോടിയുടെ വെട്ടിപ്പ് അതിലും നടത്തി എന്നാണ് വ്യക്തമാകുന്നത്. എന്തായാലും ഇത്രയും വലിയ തുകയ്ക്ക് സ്ഥലം വാങ്ങുമ്പോൾ ബാങ്ക് വഴിയാകുമല്ലോ ട്രാൻസാക്ഷൻ നടന്നിരിക്കുക. ആ രേഖകൾ പുറത്ത് വിട്ടാൽ കെപിസിസി പ്രസിഡൻ്റ് പറഞ്ഞ 5 കോടി സ്ഥലത്തിന് നൽകിയോ എന്ന് നാട്ടുകാർക്ക് മനസ്സിലാകുമല്ലോ. പുറത്ത് വിടാൻ തയ്യാറുണ്ടോ?
ശവംതൂക്കികൾ സ്ഥലം വാങ്ങിയ ഇടപാടിലും തട്ടിപ്പ് നടത്തിയെന്ന് തന്നെ വ്യക്തമാവുകയാണ്.