എറണാകുളം: അടിത്തട്ടിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പറവൂരിലെ കേസരി കോളേജിൽ കുടുംബത്തോടൊപ്പം എത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വോട്ട് ചെയ്തത്. നൂറ് സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഷ്ടിച്ച് ഭൂരിപക്ഷം നൽകിയ സർവ്വേകൾ പോലും ഇപ്പോൾ വലിയ ഭൂരിപക്ഷം ഉറപ്പു പറയുന്നുവെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
പേരാവൂരിൽ ഒരു പേടിയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. ഇരിട്ടി കടത്തുംകടവ് സ്കൂളിലെത്തി സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം ആവർത്തിക്കും. മൂന്ന് പ്രാവശ്യം ജയിച്ചു, നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടു. ജനങ്ങളുടെ സർവ്വേ എനിക്കറിയാമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവമ്പാടി എച്ച്എസ്എസിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഭരണമാറ്റം ഉറപ്പെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഈ തെരഞ്ഞടുപ്പോടെ പിണറായിക്ക് ജനം ഗുഡ് ബൈ പറയുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് അനുകൂല തരംഗമാണുള്ളത്. ഭരണമാറ്റം വരും. പോളിങ് തിരക്ക് അതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണി പ്രതികരിച്ചു. പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കടുത്ത ശിക്ഷ നൽകും. ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കിൽ തുടർഭരണം ഉണ്ടാകാൻ പാടില്ല. ഇന്ന് കൃത്യം ആറുമണി കഴിയുമ്പോൾ പിണറായി സർക്കാറുണ്ടായിരിക്കില്ലെന്നും എ.കെ. ആൻ്റണി പറഞ്ഞു.