കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രഹസ്യ പട്ടികയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുറത്തുവന്ന പേപ്പറിന്റെ വസതുതയെപ്പറ്റി തനിക്ക് അറിയില്ല. പുറത്തുവന്നത് മുകുള്‍ വാസ്‌നിക്കിന്റെ കൈയിലുള്ള പട്ടികയാണോ എന്ന് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡിന് വിടുകയാണ് താൻ ചെയ്തതെന്നും സണ്ണി ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
എല്ലാ ഘടങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കമാൻഡ് തീരുമാനമെടുക്കുക. എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമേ എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും മുൻ പ്രസിഡൻ്റുമാരുടെയും രാഷ്ട്രീയകാര്യ സമിതി നേതാക്കളുടെയും ഘടകക്ഷികളുടെയുമെല്ലാം അഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുക. ഉടൻ തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇപ്പോൾ വി.ഡി. സതീശനായി നടക്കുന്ന സമരങ്ങൾ അസാധാരമാണെന്നും നിലവിൽ അതിന്റെ ആവശ്യമില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡിന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വ്യക്തമായ നടപടി ക്രമങ്ങളുണ്ട്. അത് ഒട്ടും വൈകിയിട്ടില്ല. താനും എഐസിസിയുടെ കേരളത്തിന്റെ ചുമതലയിലുള്ള ദീപ ദാസ് മുൻഷിയും ഇത്തരത്തിലുള്ള പരസ്യ പ്രകടനങ്ങൾ പാടില്ലെന്നും അത്തരം തീരുമാനങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.