സപ്തകക്ഷി മുന്നണി  News Malayalam 24X7
ASSEMBLY ELECTION 2026

Poll Lab | സപ്തകക്ഷി മുന്നണി എന്ന രാഷ്ട്രീയ പരീക്ഷണം

44 സീറ്റു നേടിയ സിപിഐഎം ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞില്ല.

Author : എസ്. ഷാനവാസ്

അഖിലേന്ത്യ തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐഎം എന്ന പുതിയ പാര്‍ട്ടി രൂപംകൊണ്ടു. കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസും പിറവിയെടുത്തു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു 1965ലേത്. തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് സ്വതന്ത്രര്‍ ഉള്‍പ്പെടെ 44 സീറ്റുകള്‍ ലഭിച്ചു. സിപിഐക്ക് കിട്ടിയത് മൂന്ന് സീറ്റ് മാത്രം. കോണ്‍ഗ്രസ് 36, മുസ്ലീം ലീഗ് ആറ്, കേരള കോണ്‍ഗ്രസ് 24, എസ്എസ്‌പി 13, സ്വതന്ത്ര പാര്‍ട്ടി ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റു നില. 44 സീറ്റു നേടിയ സിപിഐഎം ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും കഴിയാതെ, കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി.

ഇതോടെ, അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായി കക്ഷികള്‍. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സ്ഥിതി ആവര്‍ത്തിക്കുമെന്ന് മനസിലാക്കിയ സിപിഐഎം പുതിയൊരു മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ എതിര്‍പക്ഷത്തായിരുന്ന സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്‌പി, എസ്‍എസ്‌പി, കെഎസ്‌പി, കെടിപി എന്നിങ്ങനെ പാര്‍ട്ടികളെ ചേര്‍ത്ത് സപ്തകക്ഷി മുന്നണി രൂപീകരിച്ചു. കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കാന്‍ നേതാക്കളും മതമേലധ്യക്ഷന്മാരും, സമുദായ നേതാക്കളും പണിപ്പെട്ടെങ്കിലും നടന്നില്ല. സഖ്യരൂപീകരണവും പാളിയതോടെ, കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. കേരള കോണ്‍ഗ്രസും, പിഎസ്‌പിയും സ്വതന്ത്രപ്പാര്‍ട്ടിയും കൂട്ടുകക്ഷികളായും പ്രവര്‍ത്തിച്ചു.

അങ്ങനെ 1967ലെ തെരഞ്ഞെടുപ്പ് മുന്നണി രാഷ്ട്രീയത്തിന്റെ പുതിയൊരു പരീക്ഷണത്തിനു കൂടി വേദിയായി. 133 അംഗ നിയമസഭയില്‍ സപ്തകക്ഷി മുന്നണി 117 സീറ്റുകളില്‍ ജയിച്ചു. ജയിച്ചെന്നു മാത്രമല്ല മുന്നണി കക്ഷികള്‍ സീറ്റുനേട്ടവും വര്‍ധിപ്പിച്ചു. 40 സീറ്റുണ്ടായിരുന്ന സിപിഐഎം സ്വതന്ത്രര്‍ ഉള്‍പ്പെടെ 54 സീറ്റുകള്‍ നേടി. സിപിഐ മൂന്നില്‍നിന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ 20 സീറ്റ് എന്ന നേട്ടത്തിലെത്തി. എസ്എസ്‌പി 19, മുസ്ലീം ലീഗ് 14, ആര്‍എസ്‌പി ആറ്, കെടിപി രണ്ട്, കെഎസ്‌പി ഒന്ന് എന്നിങ്ങനെ സീറ്റുകളും നേടി. അതേസസമയം, കോണ്‍ഗ്രസ് 36ല്‍നിന്ന് ഒമ്പത് സീറ്റിലേക്ക് ചുരുങ്ങി. കേരള കോണ്‍ഗ്രസ് അഞ്ചും സീറ്റു നേടി.

1967 മാര്‍ച്ച് ആറിന് രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റു. എന്നാല്‍ അസ്വാരസ്യങ്ങളും ഭിന്നാഭിപ്രായങ്ങളും മുന്നണിക്കുള്ളിലെ കുറുമുന്നണിയുമൊക്കെ ആയപ്പോള്‍ സപ്തകക്ഷി മുന്നണി സര്‍ക്കാരും കാലാവധി എത്താതെ വീണു. ഭൂരിപക്ഷം നഷ്ടമായതിനു പിന്നാലെ, 1969 ഒക്ടോബര്‍ 24ന് സഹപ്രവര്‍ത്തകര്‍ക്കും, പാര്‍ട്ടി അംഗങ്ങള്‍ക്കുമൊപ്പം ജാഥയായി രാജ്ഭവനിലെത്തി ഇഎംഎസ് രാജി സമര്‍പ്പിക്കുകയായിരുന്നു.

SCROLL FOR NEXT