പ്രതീകാത്മക ചിത്രം Source: Screengrab
ASSEMBLY ELECTION 2026

വിധി കാത്ത് കേരളം; വോട്ടെണ്ണൽ സജ്ജീകരണങ്ങൾ ഇങ്ങനെ...

ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിൽ ജനം ആർക്കൊപ്പം നിന്നുവെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്...

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനം അതീവ ജാഗ്രതയോടെ ഉറ്റുനോക്കുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനിവിധി അറിയാൻ ഇനി മണിക്കൂറുകളുടെ മാത്രം അകലമാണ്. സംസ്ഥാനം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ രാഷട്രീയ പ്രചാരണങ്ങൾക്കും ആരോപണ - പ്രത്യാരോപണങ്ങൾക്കും പിന്നാലെ ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിൽ ജനം ആർക്കൊപ്പം നിന്നുവെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

ഭരണം നിലനിർത്താൻ എൽഡിഎഫും പത്ത് വർഷമായി നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്താൻ എൻഡിഎയും കടുത്ത പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്. 140 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെ 2,71,42,952 വോട്ടർമാരിൽ 79.63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടിയത്.

വോട്ടെണ്ണൽ സജ്ജീകരണങ്ങൾ ഇങ്ങനെ

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിട്ടുണ്ട്. 43 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

നടപടിക്രമത്തിന്റെ ഭാഗമായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 1.36 ശതമാനം വരുന്ന പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. ഇതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും പരമാവധി 14 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകൾ എണ്ണും. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഒരു ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും ഇവിഎമ്മിലെ കണക്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 25 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കി.

SCROLL FOR NEXT