ASSEMBLY ELECTION 2026

"സ്ഥാനാർഥിയെന്ന നിലയിൽ ഞാൻ ഒറ്റപ്പെട്ടിരുന്നു, നേതാക്കളാരും ധർമടത്ത് വന്നിരുന്നില്ല, ആരെങ്കിലും വന്നിരുന്നുവെങ്കിൽ ഫലം ഇതാവുമായിരുന്നില്ല"

പത്ത് വർഷക്കാലം പിണറായിക്കെതിരെ പറഞ്ഞവരാരും ഇവിടേക്ക് വന്നില്ലെന്നും വി.പി. അബ്ദുൽ റഷീദ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ധർമടം പിടിക്കുമെന്ന് താൻ പറഞ്ഞപ്പോൾ ഏറ്റുപറയാൻ പോലും ആരുമുണ്ടായില്ലെന്ന് ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദ്. എല്ലാ നേതാക്കളോടും പറഞ്ഞതാണ് മണ്ഡലത്തിലേക്ക് ഒന്ന് വരണം നമ്മൾ ജയിക്കുമെന്ന്. എന്നാൽ ആരും ചെവിക്കൊണ്ടില്ല. എല്ലാരും പുഞ്ചിരിയോടെ അതിനെ തള്ളുകയാണ് ചെയ്യത്. സ്ഥാനാർഥിയെന്ന നിലയിൽ താൻ ഒറ്റപ്പെട്ടെന്നും വി.പി. അബ്ദുൽ റഷീദ് പറഞ്ഞു.

"എല്ലാ നേതാക്കളോടും ഞാൻ ആവശ്യപ്പെട്ടിരുന്നു വരാനായി. ആരും വന്നില്ല. ഷാഫി പറമ്പിലിനോടും പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹവും പരിപാടി ക്യാൻസൽ ചെയ്തു. പത്ത് വർഷക്കാലം പിണറായിക്കെതിരെ പറഞ്ഞവരാരും ഇവിടേക്ക് വന്നില്ല. ആരെങ്കിലും വന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി. ശരിക്കും ഞാൻ ധർമടത്ത് ഒറ്റപ്പെട്ടുപോയി. ഒരു പൊതുയോ​ഗമുണ്ടായില്ല, ഒരു റാലി ഉണ്ടായില്ല. രാവിലെ അഞ്ചു മണിമുതൽ ഞാൻ പ്രചാരണത്തിനിറങ്ങിയാൽ പുലർച്ചെ രണ്ട് മണിയ്ക്കാണ് ഉറങ്ങാറ്. അങ്ങനെ ജനത്തോടൊപ്പം നിന്നിട്ടാണ് എനിക്കിതിന് സാധിച്ചത്. അവർ എന്നെ ചേർത്ത് പിടിച്ചു", വി.പി. അബ്ദുൽ റഷീദിന്റെ വാക്കുകൾ.

ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പിന്നിലാണ്. ഇത് വിജയത്തിന് സമമാണ്. പ്രവർത്തന സ്വാതന്ത്ര്യമുള്ളിടത്ത് മുഴുവൻ ലീഡ് പിടിച്ചിരിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡുണ്ട്. പഞ്ചായത്ത് രൂപീകരണം കാലം തൊട്ട് യുഡിഎഫ് ഭരിച്ചിടാത്ത ചെമ്പിലോട് പഞ്ചായത്തിൽ ലീഡ് ചെയ്തു. എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം നിന്ന പഞ്ചായത്താണ് അഞ്ചരക്കണ്ടി. പിണറായി വിജയന്റെ വീട് ഇരിക്കുന്ന വേങ്ങാട് പഞ്ചായത്തിൽ പോലും എൽഡിഎഫിന് ആദ്യം ലീഡുണ്ടായില്ല. ധർമടത്ത് യുഡിഎഫ് രാഷ്ട്രീയമായി വിജയിച്ചു കഴിഞ്ഞു കഴിഞ്ഞുവെന്നും അബ്ദുൽ റഷീദ് പറഞ്ഞു.

SCROLL FOR NEXT