ASSEMBLY ELECTION 2026

ചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി; 52907 വോട്ടിൻ്റെ ഭൂരിപക്ഷം

പുതുപ്പള്ളി മണ്ഡലം ഭദ്രമായി കാത്ത് സൂക്ഷിച്ച് ചാണ്ടി ഉമ്മൻ

Author : ന്യൂസ് ഡെസ്ക്

പുതുപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തരംഗം തീർത്ത് ചാണ്ടി ഉമ്മൻ. 52907 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ജയിച്ചുകയറിയത്. ആകെ ഉണ്ടായിരുന്ന 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴെക്കും ചാണ്ടി ഉമ്മൻ 21691 വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലെത്തിയിരുന്നു.

ഉമ്മൻചാണ്ടി എന്ന അനിഷേധ്യനേതാവിനെ നിയമസഭയിലേക്ക് എത്തിച്ചിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. കുഞ്ഞൂഞ്ഞിനെ സ്നേഹിച്ച പോലെ അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം ചാണ്ടി ഉമ്മനെയും മണ്ഡലത്തിലെ ജനങ്ങൾ നെഞ്ചോട് ചേർത്തുനിർത്തി. 2023ൽ ഉമ്മൻചാണ്ടിയുടെ വേർപാടിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു.

1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ലെന്ന എന്നതാണ് പ്രത്യേകത.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥിയായി. പുതുപ്പള്ളിയിലെ ജനങ്ങൾ ഉമ്മൻചാണ്ടിയോട് കാണിച്ച വൈകാരികമായ അടുപ്പം ചാണ്ടി ഉമ്മന് കൊടുത്തു.

അങ്ങനെ ഇടതു സ്ഥാനാര്‍ഥിയായ ജെയ്ക്ക്.സി.തോമസിനെ 37,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ചാണ്ടി ഉമ്മൻ മണ്ഡലം കാത്തു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന തൻ്റെ പിതാവിൻ്റെ റെക്കോർഡ് ചാണ്ടി ഉമ്മൻ തിരുത്തിക്കുറിക്കുകയും ചെയ്തു.

SCROLL FOR NEXT