മാർ ഇവാനിയയോസ് കോളേജിലെ കളക്ഷൻ സെന്ററിലേക്ക് പോളിങ് സാമഗ്രികളുമായെത്തുന്ന പോളിങ് ഉദ്യോഗസ്ഥർ 
ASSEMBLY ELECTION 2026

78.20 ശതമാനവുമായി കനത്ത പോളിങ് രേഖപ്പെടുത്തി സംസ്ഥാനം; ഏറ്റവും കൂടുതൽ ചിറ്റൂരിൽ, കുറവ് പത്തനംതിട്ട

സംസ്ഥാനത്തേത് 1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിങ്

Author : ന്യൂസ് ഡെസ്ക്

17ാം നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിങ് പൂർത്തിയാകുമ്പോൾ കേരളം സാക്ഷ്യം വഹിച്ചത് കനത്ത പോളിങിന്. 78.20 ശതമാനമാണ് രേഖപ്പെടുത്തിയ പോളിങ്. 1987ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് ചിറ്റൂരിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും. ഇവിടെ എഴുപത് ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് റാന്നിയിലാണ്. 67.31 ശതമാനം ആണ് പോളിങ്.

കടുത്ത പോരാട്ടം നടന്ന തിരുവനന്തപുരം ജില്ലയിൽ 77.05 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ കാട്ടാക്കടയിൽ ആണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ത്രികോണ പോരാട്ടം നടന്ന നേമത്ത് പോളിങ് ശതമാനം 80.41 ശതമാനം ആണ്. 2021നെ അപേക്ഷിച്ച് ഏകദേശം 13 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

കൊല്ലം ജില്ലയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 76.27 ശതമാനം ആണ് പോളിങ്. കൊല്ലത്ത് കുണ്ടറയിൽ ആണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് പുനലൂരും.

ആലപ്പുഴ ജില്ലയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം 77.40 ശതമാനം പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയത്ത് 74.56 ശതമാനം പോളിങ് രേഖപ്പെടുത്തിയിരിക്കുന്നു. ജില്ലയിൽ വൈക്കത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്തുരുത്തിയിൽ ഏറ്റവും കുറവും. മലയോര ജില്ലയായ ഇടുക്കിയിൽ 77.15 ശതമാനം പോളിങ് രേഖപ്പെടുത്തി.

എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ മികച്ച പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. കുന്നത്തുനാട് 81.93 ശതമാനവും തൃപ്പൂണിത്തുറയിൽ 79.31 ശതമാനവും പോളിങ് രേഖപ്പെടുത്തി. കനത്ത രാഷ്ട്രീയ പോരാട്ടം നടന്ന തൃശൂർ ജില്ലയിൽ 77.10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുന്ന പാലക്കാട് ജില്ലയിൽ ഇത്തവണ പോളിങ് ശതമാനം എൺപത് കടന്നു. പാലക്കാട് മണ്ഡലത്തിൽ 79.01 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ 79.70 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറനാട് മണ്ഡലത്തിൽ എൺപത് ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പൊന്നാനിയിലും.

കോഴിക്കോട് ജില്ലയിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 81.19 ശതമാനമാണ് കോഴിക്കോട് പോളിങ്. പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കൊടുവള്ളി മണ്ഡലങ്ങളിലാണ് റെക്കോർഡ് പോളിങ്. പത്തിലധികം മണ്ഡലങ്ങളിൽ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിൽ ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം 78.48 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഐഎം പുറത്താക്കിയ നേതാക്കളടക്കം മത്സരിക്കുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും 80 ശതമാനത്തിലധികമാണ് പോളിങ്. വയനാട്ടിൽ 78.81 ശതമാനം പോളിങ്. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തി. അതിൽ തന്നെ കൽപ്പറ്റയിലാണ് കൂടുതൽ പോളിങ് ശതമാനം. കാസർഗോഡ് ജില്ലയിൽ 78.94 പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT