സിപിഐ  Source; Facebook
ASSEMBLY ELECTION 2026

കൊല്ലം സിപിഐയിൽ കലഹം; സ്ഥാനാർഥി നിർണയത്തിൽ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം

പുനലൂരിൽ സ്ഥാനാർഥി നിർണയം പാളിയതാണ് ബിജെപി ജയിക്കാൻ കാരണമെന്ന് സിപിഐ പ്രവർത്തകർ

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൊല്ലത്ത് സിപിഐയിൽ കലഹം ആരംഭിച്ചു. പാർട്ടിയുടെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചതായാണ് വിമർശനം ഉയർന്നത്. കൊല്ലം ജില്ലയിൽ നാല് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്.

ഇതിൽ പുനലൂർ സീറ്റ് മാത്രമാണ് സിപിഐക്ക് കിട്ടിയത്. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയാണ് പരാജയത്തിന് കാരണമായതെന്ന് കാട്ടി ജില്ലയിലെ മണ്ഡലം ഭാരവാഹികൾ അടക്കം രാജിയ്ക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

ചാത്തന്നൂരിൽ മൂന്ന് തവണ വിജയിച്ച ജയലാലിനെ തന്നെ മത്സരിപ്പിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിചിതനല്ലാത്ത ജില്ലാസെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിച്ചത് പാർട്ടിക്ക് വിനയായി. ഇതാണ് ചാത്തന്നൂരിൽ ബിജെപി ജയിക്കാൻ കാരണമായതെന്നും നേതാക്കൾ പറയുന്നു.

ചിഞ്ചു റാണിയെ മത്സരിക്കരുതെന്നും അവർ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും നേതൃനിരയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചതിൻ്റെ ശിക്ഷയാണ് ചിഞ്ചു റാണിയുടെ തോൽവിയെന്നും പ്രവർത്തകർ ആരോപിച്ചു.

കരുനാഗപ്പള്ളിയിലും പാർട്ടിക്ക് തിരിച്ചടി നേരിടുമെന്നും പ്രവർത്തകർ അറിയിച്ചിരുന്നു. കൊല്ലം ജില്ലയെ നയിക്കാൻ നേതൃപാടവമുള്ള നേതാവ് ഇല്ലാത്തത് തെരഞ്ഞെടുപ്പിൽ ക്ഷീണമായെന്നും പ്രവർത്തകർ പറഞ്ഞു. മുഖമല്ല, ശൈലിയാണ് മാറേണ്ടതെന്ന് മുതിർന്ന നേതാവ് അഡ്വ.എസ്. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

SCROLL FOR NEXT