ASSEMBLY ELECTION 2026

സിറ്റിങ് സീറ്റ് വിടാതെ എൽഡിഎഫ്, യുഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച്; കോഴിക്കോട് നോർത്തിൽ വിജയം ആർക്ക്?

കഴിഞ്ഞ വർഷങ്ങളിലെ മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് സ്ഥാനാർഥി പ്രചരണായുധമാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടക്കൻ കേരളത്തിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് നോർത്ത്. 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ് കോഴിക്കോട് നോർത്ത് രൂപീകൃതമായത്. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇടതുപക്ഷത്തിനൊപ്പമായിരുന്നു ഇവിടുത്തെ വോട്ടർമാർ നിലകൊണ്ടത്. എന്നാൽ ഇക്കുറി നോർത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കളത്തിലിറങ്ങിയിരിക്കുന്നത്.

2006ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സ്ഥാനാർഥി അഡ്വ. പി ശങ്കരനെതിരെ 7,700ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ ഇവിടെ വിജയിച്ചത്.തുടര്‍ന്ന് 2011ലും, 2016ലും വൻഭൂരിപക്ഷത്തിൽ വിജയിച്ച് പ്രദീപ് കുമാർ ഹാട്രിക് തികച്ചു.

2021ൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രനെ മത്സരത്തിനിറക്കിയ എൽഡിഎഫ് മണ്ഡലം നിലനിർത്തുകയും പതിമൂന്നായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷവും നേടിയിരുന്നു. ഇത്തവണയും ഇതേ പതിവ് ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്, തോട്ടത്തിൽ രവീന്ദ്രനെ തന്നെ കളത്തിൽ ഇറക്കിയത്.

കഴിഞ്ഞ തവണ യുഡിഎഫിൻ്റെ യുവ മുഖമായ കെ.എം. അഭിജിത്തിനെ മത്സരത്തിനിറക്കിയെങ്കിലും പരാജയമായിരുന്നു ഫലം. എന്നാൽ ഇത്തവണ എന്തു വില കൊടുത്തും കോഴിക്കോട് നോർത്ത് പിടിച്ചെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് യുഡിഎഫ്. ആ ദൗത്യം അഡ്വ. കെ. ജയന്തിനാണ് ഏൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് സ്ഥാനാർഥി പ്രചരണായുധമാക്കുന്നത്.

2021ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് 30,952 വോട്ടുകൾ പിടിച്ച മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിൽ എൻഡിഎയുടെ മുന്നേറ്റമാണ് ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ തലവേദനയാകുന്നതും.

മണ്ഡലത്തിലെ ഏഴോളം വാർഡുകളിൽ എൻഡിഎക്ക് വിജയം നേടാൻ സാധിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസും പ്രചാരണം നടത്തുന്നത്.

SCROLL FOR NEXT