ASSEMBLY ELECTION 2026

പെരുമാറ്റച്ചട്ടം വരുന്നതിനുമുമ്പ് പരസ്യവാചകം ഉണ്ടായിരുന്നു, പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകി: കെഎസ്ഇബി

ചില മെഷീനുകളിൽ മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും കെഎസ്ഇബിയുടെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബില്ലിലെ സർക്കാർ പരസ്യവാചകം പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകിയതായി കെഎസ്ഇബി അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പ് പരസ്യവാചകം ഉണ്ടായിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെ ഒഴിവാക്കാൻ നിർദേശം നൽകിയെങ്കിലും ചില മെഷീനുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാറ്റം വരുത്തിയില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ചില മെഷീനുകളിൽ മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും കെഎസ്ഇബിയുടെ വിശദീകരണം.

'പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ' എന്നായിരുന്നു ബില്ലിലെ പരസ്യവാചകം. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം ലഭിച്ച ബില്ലിലാണ് പരസ്യ വാചകമുള്ളത്. ബില്ല് അടിയന്തിരമായി പിൻവലിക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

SCROLL FOR NEXT