താനൂർ: നിയമ സഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി. താനൂരിൽ ടി. മുഹമ്മദ് സമീറും വള്ളിക്കുന്നിൽ സി.പി മുസ്തഫയും കാസർകോഡ് ഷാനവാസ് പാദുവയും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കും. തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന മത്സരിക്കും.
മലപ്പുറം വള്ളിക്കുന്ന് മണ്ഡലത്തിൽ നാഷണൽ ലീഗ് പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്രനായാണ് അഡ്വ. സി പി മുസ്തഫ ജനവിധി തേടുന്നത്. ഐഎൻഎല്ലിന് നൽകിയ കാസര്‍കോട് ഷാനവാസ് പാദൂരാണ് ഇടത് സ്വതന്ത്രൻ. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ റോഡ് ഷോ അടക്കം സംഘടിപ്പിച്ച് ഷാനവാസ് പാദൂർ പ്രചാരണത്തിൽ സജീവമായി .
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജു ശിക്ഷിക്കപ്പെട്ടതോടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർഥി നിർണയം അനിശ്ചിതത്തിലായിരുന്നു. പല പേരുകളും പരിഗണിച്ചെങ്കിലും മണ്ഡലം നിലനിർത്താൻ ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യമായ നടൻ സുധീർ കരമനയെ പ്രഖ്യാപിക്കുകയായിരുന്നു .
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീർ കരമന എകെജി സെൻ്ററിലെത്തി സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കലയും രാഷ്ട്രീയ പ്രവർത്തനവും രണ്ടായാണ് കാണുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ഉള്ളതെന്നും സുധീർ കരമന ന്യൂസ് മലയാളത്തോട് പറഞ്ഞു.
മന്ത്രി വി അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെ ഒഴിവ് വന്ന സീറ്റിലേക്കാണ് താനൂരിൽ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി മുഹമ്മദ് സമീർ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്.