കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നടന്നത് ശക്തമായ മത്സരമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. 15 വർഷമായി യുഡിഎഫിന്റെ കയ്യിലുള്ള മണ്ഡലമാണിത്. ഇതുവരെ എൽഡിഎഫിന് ലഭിക്കാത്ത വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായില്ലെന്നും അതിനായി ചില കുബുദ്ധികൾ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ലെന്നും കെ.കെ. ശൈലജ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"പേരാവൂരിൽ മത്സരിപ്പിച്ചത് ഒതുക്കാൻ എന്നായിരുന്നു പ്രചാരണം. ഞാൻ എങ്ങനെ ഇല്ലാതാകും? ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. തെരഞ്ഞെടുപ്പ് അതിനിടയിലുള്ള കാര്യം മാത്രമാണ്. പാർട്ടി നിബന്ധനയായിരുന്നു രണ്ട് തവണ ഉറച്ച മണ്ഡലങ്ങളിൽ ജയിച്ചവർ മത്സരിക്കേണ്ടെന്ന്. വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് പാർട്ടിയാണ്. എന്നോട് പേരാവൂരിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. പാർട്ടിക്കാരല്ലാത്ത കുടുംബങ്ങൾ വോട്ട് ചെയ്തു. അത് എത്രയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ഗുണകരമായ ഫലമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ രാഷ്ട്രീയം ചിന്തിക്കുന്നവർ ഇടതുപക്ഷത്തെ പിന്തുണക്കും," കെ.കെ. ശൈലജയുടെ വാക്കുകൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും പേരാവൂരിൽ ജനവിധി തേടാൻ ഇറങ്ങിയപ്പോൾ മണ്ഡലം പിടിക്കാൻ കെ.കെ. ശൈലജയെ ഇറക്കിയ സിപിഐഎം തന്ത്രം ഫലം കാണുമോ എന്നതാണ് പേരാവൂരിലെ ആകാംക്ഷ. ആറായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുമ്പോൾ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ വോട്ടുകൾക്ക് മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.