കോഴിക്കോട്: പേരാമ്പ്രയിലെ എൽഡിഎഫ് വിവാദ അനൗൺസ്മെന്റിൽ ചട്ടലംഘനം കണ്ടെത്താൻ ആയിട്ടില്ലെന്ന് ജില്ലാ കലക്ടർ. മാതൃക പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിംഗ് സ്ക്വാഡ് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർഥിക്കെതിരായ പരാതിയിൽ പരിശോധന നടക്കുകയാണെന്നും കോഴിക്കോട് ജില്ലാ കലക്ടർ വ്യക്തമാക്കി. ഫ്ലയിങ് സ്ക്വാഡ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.
അനൗൺസ്മെൻ്റ് വിവാദത്തിലൂടെ യുഡിഎഫ് ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിന് എന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഡിഎഫിൻ്റേത് മനുഷ്യരെ ഭിന്നിപ്പിക്കുന്ന വൃത്തികെട്ട നിലപാട്. എൽഡിഎഫ് അംഗീകരിച്ച അനൗൺസ്മെൻ്റ് അതല്ലെന്നും എൽഡിഎഫ് ഉപയോഗിക്കുന്ന അനൗൺസ്മെൻ്റിൻ്റെ പകർപ്പ് ഹാജരാക്കുമെന്നും ടി.പി. ന്യൂസ് മലയാളം ഇലക്ഷൻ ട്രാവലറിൽ വ്യക്തമാക്കിയിരുന്നു.
എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്‌മെൻ്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗൺസ്‌മെൻ്റിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്.