ASSEMBLY ELECTION 2026

കേരളത്തിൽ 35, തമിഴ്‌നാട്ടിൽ നാല്, ബംഗാളിൽ ഒരെണ്ണം; 49 വർഷത്തിന് ശേഷം ആദ്യമായി രാജ്യത്ത് എങ്ങും അധികാരം ലഭിക്കാതെ ഇടതുപക്ഷം

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പേരിന് മാത്രമായി അക്കൗണ്ട് തുറക്കാനേ ഇടതുപക്ഷ പാർട്ടികൾക്ക് കഴിഞ്ഞുള്ളൂ.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തും അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കിലും മൊത്തത്തിലുള്ള പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കേരളത്തിൽ അടിപതറിയതിന് പുറമെ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഇടതുപക്ഷം അക്കൗണ്ട് തുറക്കുന്ന സ്ഥിതിയിലേക്ക് മാത്രം ചുരുങ്ങി. തൃണമൂൽ കോൺഗ്രസ് പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്ന സംസ്ഥാനത്ത് 2026ൽ ഇടതുപക്ഷത്തിന് നേടാനായത് ഒരു സീറ്റ് മാത്രമാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2026ലേക്ക് വരുമ്പോൾ കേരളത്തിൽ 80 സീറ്റുകളിൽ നിന്ന് 34 സീറ്റുകളിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചുരുങ്ങിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷം കേരള നിയമസഭയിൽ 34 സീറ്റുകളിൽ മാത്രമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ സാന്നിധ്യം ശോഷിച്ചിട്ടുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ ശക്തമായ വോട്ട് ചോർച്ചയാണ് ഇക്കുറി കാണാനായത്. ധർമ്മടത്ത് വോട്ടെണ്ണലിൻ്റെ ആദ്യത്തെ ആറ് റൗണ്ടുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായി പോയത് ശക്തമായ ഭരണവിരുദ്ധ വികാരത്തിൻ്റെ തെളിവായാണ് വിലയിരുത്തേണ്ടത്.

കേരളത്തിൽ 2021ൽ 91 സീറ്റുകൾ ജയിച്ച് അധികാരം പിടിച്ച ഇടതു മുന്നണി ഇത്തവണ 35 സീറ്റുകളിലേക്ക് ചുരുങ്ങി. സിപിഐഎം (26), സിപിഐ (8), ആർജെഡി (1) എന്നിങ്ങനെയാണ് കേരളത്തിൽ ഇടതു മുന്നണി നേടിയ സീറ്റുകളുടെ കണക്ക്. 7.73 ശതമാനം വോട്ടുകളാണ് ഇടതു മുന്നണിക്ക് കേരളത്തിൽ കേരളത്തിൽ കുറഞ്ഞത്.

നേരത്തെ 2021ൽ സിപിഐഎം (63), സിപിഐ (17), കേരള കോൺഗ്രസ് (എം) (5), എൻസിപി (3), ജെഡിഎസ് (4), ജനാധിപത്യ കേരള കോൺഗ്രസ് (1), എൽജെഡി (3), കോൺഗ്രസ് എസ് ( 1), കേരള കോൺഗ്രസ് ബി (1) എന്നിങ്ങനെയാണ് ഇടതു ഘടകക്ഷികൾ നേടിയ സീറ്റ് നില.

തമിഴ്നാട്ടിൽ ഇടതു പാർട്ടികൾ ആകെ നാല് സീറ്റുകളിൽ വിജയിച്ചു. സിപിഐഎം (2 സീറ്റ്), സിപിഐ ( 2 സീറ്റ്) എന്നിങ്ങനെയാണ് അന്തിമ ഫലം വരുമ്പോഴത്തെ കണക്കുകൾ. നിലവിൽ ഡിഎംകെയ്ക്ക് ഒപ്പമുള്ള ഇടതുപക്ഷം ഇക്കുറി വിജയ്‌യുടെ ടിവികെയ്ക്ക് കൈ കൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ടിവികെയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ 10 സീറ്റുകൾ വേണമെന്നിരിക്കെ ഇടതുപക്ഷത്തിൻ്റെ പിന്തുണ തേടിയിട്ടുമുണ്ട്. എന്നാൽ സിപിഐഎമ്മും സിപിഐയും എടുക്കുന്ന നിലപാടുകൾ ഇവിടെ നിർണായകമാകും.

പശ്ചിമ ബംഗാളിൽ സിപിഐഎം സ്ഥാനാർഥിയായ മുഹമ്മദ് മുസ്തഫിസുർ റഹമാൻ മാത്രമാണ് ജയിച്ചത്. ആകെ 1,07,882 വോട്ടുകൾ മുസ്തഫിസുർ റഹമാന് ലഭിച്ചപ്പോൾ, തൃണമൂൽ കോൺഗ്രസുകാരനായ ഹുമയുൺ കബീറിനെ 16,296 വോട്ടുകളുടെ വ്യത്യാസത്തിൽ മറികടന്നു. 91,586 വോട്ടുകളാണ് ഹുമയുൺ കബീർ നേടിയത്. കോൺഗ്രസിൻ്റെ ബീഗം സഹനാജ് 30,453 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥിയായ നന്ദദുലാൽ പാൽ ദോംകലിൽ നാലാം സ്ഥാനത്തായി. 13,180 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത്.

അസം, പുതുച്ചേരി എന്നി സംസ്ഥാനങ്ങളിലും ഇടതുപക്ഷം ചിത്രത്തിൽ പോലുമില്ല. ദേശീയ തലത്തിൽ ഇടതു പാർട്ടി അപ്രത്യക്ഷമാകുന്നതിൻ്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. അസമിലും ബംഗാളിലും പുതുച്ചേരിയിലും ബിജെപി ഭരണം നേടിയപ്പോൾ, തമിഴ്നാട്ടിലും കേരളത്തിലും കാര്യമായ നേട്ടം എൻഎഡിഎയ്ക്ക് അവകാശപ്പെടാനില്ല. കേരളത്തിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് ആദ്യമായി ജയിക്കാനായെങ്കിലും പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

SCROLL FOR NEXT