Source: Files
ASSEMBLY ELECTION 2026

"ഓരോരുത്തർക്കും ഓരോ ശൈലി, കുറ്റം കണ്ടെത്താൻ ചിലർ ഗവേഷണ ബുദ്ധിയോടെ പ്രവർത്തിക്കുന്നു"; മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി എം.എ. ബേബി

ജനങ്ങളോട് പെരുമാറുമ്പോൾ കരുതൽ വേണം എന്നത് എല്ലാവർക്കുമുള്ള നിർദേശമെന്നും എം.എ. ബേബി...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ വിശദീകരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ജനങ്ങളോട് പെരുമാറുമ്പോൾ കരുതൽ വേണം എന്നത് എല്ലാവർക്കുമുള്ള നിർദേശം. ഓരോരുത്തരുടെയും ശൈലി മാറണമെങ്കിൽ ചർച്ചയിലൂടെ തിരുത്തും. മുഖ്യമന്ത്രിയുടെ കുറ്റം കണ്ടെത്താൻ ചിലർ ഗവേഷണ ബുദ്ധിയോടെ പ്രവർത്തിക്കുന്നെന്നും എം.എ. ബേബി പറഞ്ഞു.

ജനങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ച് പാർട്ടി പ്രത്യേക തീരുമാനമെടുത്തിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. ജനങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നായിരുന്നു നിർദേശം. ജനങ്ങളോട് പെരുമാറുമ്പോൾ കരുതലോടും സൂക്ഷ്മതയോടും കൂടി പെരുമാറണം എന്നുള്ളത് എല്ലാവർക്കും ബാധകമായ കാര്യമാണ്. എല്ലാവർക്കും ബാധകമാകുമ്പോഴും ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ടാകും. ആർക്കെങ്കിലും ആ ശൈലിയിൽ തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ ചർച്ചകളിലൂടെയും വിമർശനങ്ങളിലൂടെയും വരുത്തുന്നുണ്ടാകും. എന്നാൽ മുഖ്യമന്ത്രിയെ ചിലർ ടാർഗറ്റ് ചെയ്യുന്നു. കുറ്റം കണ്ടുപിടിക്കാൻ ഗവേഷണ ബുദ്ധിയോടെ ചിലർ കാത്തിരിക്കുന്നു. സംഭവങ്ങൾ അനുപാത രഹിതമായി പർവതീകരിക്കുന്നുവെന്നും എം.എ. ബേബി പറഞ്ഞു.

സിപിഐഎം ബിജെപി ബന്ധം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവന നനഞ്ഞ പടക്കമായെന്നും ബേബി പറഞ്ഞു. ഇൻഡ്യാ മുന്നണിയുടെ പൊതു കാഴ്ചപ്പാടിന് അനുയോജ്യമല്ല രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇത്ര ഉന്നതരായ നേതാക്കൾ ഇങ്ങനെ പച്ചക്കള്ളം പറയാൻ പാടുണ്ടോയെന്നും ബേബി ചോദിച്ചു. ബിജെപി ഭരണം ത്രിപുരയിൽ വരാൻ കാരണക്കാർ കോൺഗ്രസാണെന്നും ബേബി കൂട്ടിച്ചേർത്തു.

SCROLL FOR NEXT