Source: News Malayalam 24x7
ASSEMBLY ELECTION 2026

'കേരളത്തിൽ ബിജെപിക്ക് 18 സീറ്റ്! ആകെ 160 സീറ്റ്!'; സുദർശൻ ടിവിയുടെ എക്സിറ്റ് പോൾ പ്രവചനത്തെ ട്രോളി മലയാളികൾ, വീഡിയോ

ആകെ 140 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ സുദർശൻ ടിവിയുടെ പ്രവചനത്തിൽ പറയുന്നത് ആകെ 160 സീറ്റുകളെന്നാണ്...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേരളത്തിൽ 18 സീറ്റ് ബിജെപി നേടുമെന്ന് പ്രവചിച്ച് വെട്ടിലായ സുർദശൻ ടിവിയുടെ എക്സിറ്റ് പോൾ പ്രവചനത്തെ ട്രോളി മലയാളികൾ. ആകെ 140 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ സുദർശൻ ടിവിയുടെ പ്രവചനത്തിൽ പറയുന്നത് ആകെ 160 സീറ്റുകളെന്നാണ്.

കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സുദർശൻ ടിവി, 78 സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 62 സീറ്റുകളും ബിജെപി 18 സീറ്റുകളും മറ്റുള്ളവർ രണ്ടും സീറ്റ് നേടുമെന്നും സുദർശൻ ടിവി പ്രവചിക്കുന്നു. എല്ലാവർക്കും കൂടി ആകെ 160 സീറ്റെന്ന് പ്രവചിക്കുന്ന സുദർശൻ ടിവിയുടെ എക്സിറ്റ് പോൾ പ്രവചനത്തെ ട്രോളുകയാണ് മലയാളികൾ. യാതൊരു സർവേയും നടത്താതെ വെറുതെ തോന്നിയ പോലെ സീറ്റുകൾ നൽകുകയാണ് സുദർശൻ ടിവി എന്നാണ് ട്രോളുകളിൽ പറയുന്നത്.

കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സിഎൻഎൻ ന്യൂസ്, പീപ്പിള്‍സ് പള്‍സ്, സീ ന്യൂസ്, മാട്രിസ്, ജെവിസി, പി മാർക്, ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, ബീക്കൺ എക്സ്ക്ലൂസീവ് എന്നീ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.

SCROLL FOR NEXT