കോഴിക്കോട്: വനിതാ ലീഗിനെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂര്‍ബിന റഷീദ്. പാര്‍ട്ടി വിടില്ലെന്നും പാണക്കാട് തങ്ങള്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
രാഷ്ട്രീയത്തെ ധനാഗമന മാര്‍ഗമായി കണ്ടിട്ടില്ല. കല്ലും മുള്ളും തരണം ചെയ്താണ് പാര്‍ട്ടിയെ കെട്ടിപ്പടുത്തത്. തങ്ങള്‍ ഏല്‍പ്പിച്ച ധൗത്യം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. അന്തസ് ഉയര്‍ത്തിപ്പിടിക്കണം എന്ന ഷിഹാബ് തങ്ങളുടെ നിര്‍ദ്ദേശം പൂര്‍ണ അര്‍ഥത്തില്‍ പൂര്‍ത്തിയാക്കി. ഞങ്ങളുടെ കയ്യില്‍ റീലുകള്‍ ഇല്ല റിയല്‍ ആണ്. വനിത ലീഗിന് ഇതുവരെ സ്വന്തമായി ഒരു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്താന്‍ അനുവാദം കിട്ടിയിട്ടില്ല. ഞാന്‍ സ്വര്‍ണ്ണങ്ങള്‍ അല്ല അലമാരയില്‍ വെച്ചിരിക്കുന്നത് മെമ്പര്‍ഷിപ്പ് ഫോമുകള്‍ ആണ്. ആ ഫോമുകള്‍ക്ക് ഒരു ചുളിവ് പോലും വീണിട്ടില്ല. ഒരു സ്ഥാനമാനങ്ങളും ചോദിച്ച് വാങ്ങിയിട്ടില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
എല്ലാം മെറിറ്റ് പ്രകാരം ലഭിച്ചതാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്റെ വിഷമങ്ങള്‍ പങ്കുവെച്ചു. കാര്യങ്ങള്‍ നേതൃത്വവുമായി സംവദിച്ചു. പക്ഷെ പരിഗണന ഉണ്ടായില്ല. പരവതാനിയിലൂടെയല്ല വനിത ലീഗ് നടന്നു വന്നത്. വനിത ലീഗിന്റെ അയോഗ്യത എന്താണ് എന്നും നൂര്‍ബിന റഷീദ് ചോദിച്ചു.
നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചു. ഞങ്ങള്‍ക്ക് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ അറിയില്ല. ലൈംഗിക ആരോപണവുമായി ചിലര്‍ കോടതി വരെ പോയി. സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ ധാര്‍മികത ഇപ്പോള്‍ എവിടെപ്പോയി എന്നും സമസ്ത നേതാവ് ചോദിച്ചു.
പേരാമ്പ്രയിലെ സ്ഥാനാര്‍ഥി അഞ്ച് കൊല്ലം കോര്‍പറേഷനില്‍ നിന്ന് കഴിവ് തെളിയിക്കട്ടെ. ഹരിത വിവാദം ഉണ്ടാക്കിയവര്‍ക്ക് സീറ്റ് നല്‍കി. തങ്ങളെ നാലാം ഖലീഫ എന്ന് പറഞ്ഞു. ഫാത്തിമ തഹലിയക്ക് സീറ്റ് കൊടുക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ അല്ല വിഷമം. തങ്ങളുടെ സ്വരങ്ങള്‍ ലീഗ് കേള്‍ക്കാതെ പോകുന്നു.
പാര്‍ട്ടിക്ക് എതിരെ സംസാരിച്ചു എന്നതാണ് തഹലിയ ചെയ്ത തെറ്റ്. ഫാത്തിമ തഹലിയ അറസ്റ്റ് വരിക്കുന്നത് ഫോട്ടോഷൂട്ടിന് വേണ്ടി. റീല്‍ ആണ് പ്രശ്‌നം റിയല്‍ ലൈഫ് ആണ് വേണ്ടത്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇറങ്ങില്ലെന്നും എം.കെ. മുനീറിനോട് കാണിച്ചത് തികഞ്ഞ അനീതിയാണെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേര്‍ത്തു.