കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ വിജയിക്കുമെന്ന പി.വി. ശ്രീനിജിൻ്റെ കണക്ക് ശരിവച്ച് സിപിഐഎം. പാർട്ടി കണക്കുകളിലെ വോട്ടിൽ കുറവുണ്ടെങ്കിലും വ്യക്തിപരമeയ വോട്ടിൽ ജയിച്ചുകേറുമെന്നാണ് പാർട്ടി വിലയിരുത്തൽ.
എറണാകുളത്ത് എൽഡിഎഫ് പിടിച്ചുനിൽക്കുമെന്നും, നിലവിലെ അഞ്ചു സീറ്റിനൊപ്പം ഒരു സീറ്റും അധികമായി നേടുമെന്നാണ് സിപിഐഎമ്മിൻ്റെ അവകാശവാദം. സിറ്റിംഗ് സീറ്റുകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും, വൈപ്പിനും, കോതമംഗലവും, കുന്നത്തുനാടും കനത്ത വെല്ലുവിളിയാണ് നേരിട്ടതെന്നും പാർട്ടി വിലയിരുത്തി.
ജില്ലയിൽ മൂന്ന് സീറ്റിന് മുകളിൽ നേടിയാൽ യുഡിഎഫ് ട്രെൻഡ് ഉണ്ടാകില്ലെന്നാണ് സിപിഐഎമ്മിൻ്റെ അനുമാനം. തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ 3000ത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം നേടി വിജയിക്കും എന്നും വിലയിരുത്തുന്നു.
അതേസമയം, ജില്ലയിൽ 12 സീറ്റുകൾ നേടുമെന്നാണ് യുഡിഎഫിൻ്റെ അവകാശവാദം. അതോടൊപ്പംകോതമംഗലവും കളമശേരിയും കനത്ത വെല്ലുവിളി നേരിടുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം, കുന്നത്തുനാട്ടിൽ 554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പി.വി. ശ്രീനിജിൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. കഴിഞ്ഞ തവണ 2817 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായ വി.പി. സജീന്ദ്രനെ ശ്രീനിജിൻ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ മികച്ച പ്രവർത്തനവും തെരഞ്ഞെടുപ്പിൽ നടത്തിയ ഇടപെടലും വോട്ടായി മാറുമെന്ന ആത്മവിശ്വാസം പി.വി. ശ്രീനിജിൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. കുന്നത്തുനാട്ടിൽ എൽഡിഎഫ് വിജയിക്കുമെന്ന് ഒരു സർവേയും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ, കനുഗോലുവിൻ്റെ റിപ്പോർട്ടിൽ 1,583 വോട്ടുകളോടെ എൽഡിഎഫ് വിജയിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പി.വി. ശ്രീനിജിൻ പറഞ്ഞു.