Source: Social Media
ASSEMBLY ELECTION 2026

"പരാദ ജീവി, പിന്നിൽനിന്ന് കുത്തുന്നവർ": ഡിഎംകെ സഖ്യം വിട്ട കോൺഗ്രസിനെ കീറിമുറിച്ച് പ്രധാനമന്ത്രി മോദി

ദീർഘകാല സഖ്യത്തിലുണ്ടായിരുന്ന ഡിഎംകെയെ ഉപേക്ഷിച്ചതിനെതിരെയായിരുന്നു രൂക്ഷമായ ഭാഷയിലെ വിമർശനം

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്‌യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം സംസ്ഥാനവുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്നും മോദി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതേസമയം, വിജയ്‌യുടെ തമിഴഗ വെട്രി കഴകത്തിൻ്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിക്കുവാനും മോദി മറന്നില്ല. "പിന്നിൽ നിന്ന് കുത്തുന്ന", "പരാദജീവി" എന്നാണ് കോൺഗ്രസ് പാർട്ടിയെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ദീർഘകാല സഖ്യത്തിലുണ്ടായിരുന്ന ഡിഎംകെയെ ഉപേക്ഷിച്ചതിനെതിരെയായിരുന്നു രൂക്ഷമായ ഭാഷയിലെ വിമർശനം.

"തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി നോക്കൂ. 25-30 വർഷമായി കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയത്, എന്നിട്ടും കോൺഗ്രസിൻ്റെ പുരോഗതിക്കായി നിരന്തരം പ്രവർത്തിച്ച ഡിഎംകെ തന്നെ രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം വഞ്ചിക്കപ്പെട്ടു " പ്രധാനമന്ത്രി മോദി പറഞ്ഞു.

അധികാരക്കൊതിയിൽ മുങ്ങിയ കോൺഗ്രസ്, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. ഇപ്പോൾ കോൺഗ്രസിന് രാഷ്ട്രീയമായി പ്രസക്തി നിലനിർത്താൻ മറ്റൊരു പാർട്ടി കൂടി ആവശ്യമാണെന്നും മോദി കുറ്റപ്പെടുത്തി.

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ് മന്ത്രിസഭയിൽ ഒമ്പത് മന്ത്രിമാരാണുള്ളത്. യുവാക്കളും പരിചയസമ്പന്നരുമായ നേതാക്കളാണ് മന്ത്രിസഭയിലുള്ളത്. ടിവികെ മേധാവിയുടെ കോർ ടീമിന് ഒരു സ്ഥാനം ലഭിച്ചു. എന്നാൽ ഭൂരിപക്ഷം തികയ്ക്കാൻ ടിവികെയെ പിന്തുണയ്ക്കാൻ ആദ്യം സമ്മതിച്ച പാർട്ടിയായ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിൽ നിന്ന് ഒരു നേതാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ് പാർട്ടി വിജയിയെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നതായി രാഷ്ട്രീയ വിദഗ്ധർ പറയുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് സ്വാധീനം ചെലുത്തിയേക്കാമെന്നുള്ള സൂചന ലഭിച്ചതിനാൽ തന്നെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെ വിളിച്ച നിരവധി യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ബിജെപി പല സംസ്ഥാനങ്ങളിലും ചെയ്യുന്നതുപോലെയാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ ഞങ്ങളോട് ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഡിഎംകെ പ്രമേയത്തിലും പരാമർശിച്ചിരുന്നു. കോൺഗ്രസിൻ്റെ പഴയ സ്വഭാവം മാറ്റിയിട്ടില്ലെന്ന് പ്രമേയത്തിൽ പരാമർശം ഉണ്ടായിരുന്നു.

SCROLL FOR NEXT