ASSEMBLY ELECTION 2026

രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവ്, പ്രാദേശിക നേതാവിൻ്റെ കാര്യവിവരം പോലുമില്ല: പിണറായി വിജയൻ

രാഹുൽ ഇങ്ങനെ അധഃപതിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും പിണറായിയുടെ കടന്നാക്രമണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിപിഐഎം-ബിജെപി ഡീൽ ആരോപണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പോർമുഖം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക നേതാവിൻ്റെ കാര്യവിവരം പോലുമില്ലാത്ത ആളാണ് രാഹുൽ ഗാന്ധി. രാഹുൽ കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണെന്നും പിണറായി വിജയൻ പറ‍ഞ്ഞു. രാഹുൽ ഇങ്ങനെ അധഃപതിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും പിണറായിയുടെ കടന്നാക്രമണം. കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ നടപടി ഉണ്ടായില്ലെന്നും അത് ബിജെപി-സിപിഐഎം അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരേ ആയിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ ഭാഷയിലുള്ള വിമർശനം.

രാഹുല്‍ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ല. കാര്യങ്ങള്‍ നേരെ ചൊവ്വേ പഠിക്കാത്തതുകൊണ്ട് എത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയുന്നില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതിനുതകുന്ന സമീപനമാണ് രാഹുൽ ഗാന്ധി എല്ലായിടത്തും സ്വീകരിക്കുന്നത്, പിണറായിയുടെ വാക്കുകൾ.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശനും രം​ഗത്തെത്തി. മുഖ്യമന്ത്രി രാഹുൽഗാന്ധിയെ എതിർക്കുന്നത് അമിത് ഷായുടെ ഗുഡ് ബുക്കിൽ കയറാനാണെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും പിണറായിക്ക് വി.ഡി. സതീശൻ മുന്നറിപ്പ് നൽകി.

SCROLL FOR NEXT