പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വാനോളം പുകഴ്ത്തി പി.കെ. ശശി. സതീശൻ കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ്. വായനയും പഠനവും ജീവിതചര്യയാക്കിയ നേതാവാണ് സതീശനെന്നും പി.കെ. ശശി പറഞ്ഞു. മികച്ച നേതാവാണ് വി.ഡി. സതീശനെന്നും പി.കെ. ശശി പറഞ്ഞു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു പി.കെ. ശശിയുടെ പ്രസ്താവന.
"സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യം. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്ക് മതിപ്പും ഇഷ്ടവും ആയിരുന്നു. നിയമസഭയിൽ അദ്ദേഹം ഓരോ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ഓരോ വാക്കുകളും ഞാൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു", പി.കെ. ശശിയുടെ വാക്കുകൾ.
ശശിയോട് ബഹുമാനമുണ്ടെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. പാർട്ടിയിലെ തെറ്റ് ചൂണ്ടിക്കാട്ടി പുറത്ത് വന്നയാളാണ് ശശി. പി.കെ. ശശിയെ ജയിപ്പിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ശശിയുടെ തെങ്ങിൻതോപ്പ് ചിഹ്നം കൈപ്പത്തിക്ക് തുല്യമാണ്. നെറികേടുകൾക്കെതിരെ ശബ്ദിച്ചാണ് ശശി യുഡിഎഫിനൊപ്പം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ സിപിഐഎമ്മിനെ ബിജെപി സഹായിച്ചു. കൊടകര കുഴൽപ്പണക്കേസിൽ നിന്നും ബിജെപിയെ രക്ഷിച്ചത് സിപിഐഎമ്മാണ്. സിപിഐഎം-ബിജെപി ഡീലിന് ഇത്തവണ അന്ത്യമുണ്ടാകും. ചോദ്യങ്ങൾ ചോദിച്ചാൽ മുഖ്യമന്ത്രി പ്രകോപിതനാകുന്നു. വീട്ടിൽ പോയി ചോദിക്കാനാണ് ജനങ്ങളോട് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇപ്പോഴുള്ളത്. തീവ്ര വലതുപക്ഷ പാർട്ടിയായി സിപിഐഎം മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
"കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയം. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ് ചിഹ്നം എന്ന് നമ്മൾ മനസിൽ വിചാരിക്കണം. നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും. നൂറിലധികം സീറ്റുകൾ നേടും.
ഞങ്ങളുടെ കൈയിൽ ബോർഡൊന്നും വയ്ക്കാൻ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ കണ്ടാൽ വോട്ട് യുഡിഎഫിന് കിട്ടുമെന്നാണ് ആളുകൾ പറയുന്നത്. 2011 മുതൽ 2016 വരെ 5 കൊല്ലം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ 5 ലക്ഷം വീടുകൾ നൽകി. പത്ത് കൊല്ലം കൊണ്ട് ഞങ്ങൾ അഞ്ച് ലക്ഷം വീടുകൾ പണിതു എന്ന് എൽഡിഎഫ് പറയുന്നു. തള്ളി മറിക്കുകയാണ്. 2011-16 ലെ കണക്കു പുറത്തുവിടാൻ ഞങ്ങൾ വെല്ലുവിളിക്കുകയാണ്", വി.ഡി. സതീശൻ്റെ വാക്കുകൾ.