അതിരുകളില്ലാത്ത, ജനാധിപത്യ ഹൃദയങ്ങളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും പകർന്ന രണ്ട് കാഴ്ചകളാണ് തമിഴ്‌നാട്ടിൽ നിന്നുണ്ടായത്. അതിൽ ഒന്ന്, സിപിഐഎമ്മിന്റെ കൊടിവച്ച കാറിൽ സഞ്ചരിക്കവേ റോഡിന്റെ ഇരുവശങ്ങളിൽ നിലയുറപ്പിച്ച ടിവികെ പ്രവർത്തകരും പൊതുജനങ്ങളും പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖത്തിന് നേരെ കൈവീശി കാണിച്ചതും കൈപിടിച്ച് അഭിവാദ്യം അർപ്പിച്ചതും. രണ്ടാമത്തേത്, 'സി. ജോസഫ് വിജയ് ആകും ഞാൻ...' എന്ന് പേരിന്റെ പൂർണരൂപം ആർജവത്തോടെ എടുത്തു പറഞ്ഞു കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതും സദസിലെ കരഘോഷം മിനിറ്റുകളോളം നീണ്ടുനിന്നതും. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു നടക്കാത്ത, ഇവർ കാണിച്ചതായിരുന്നു ആ പ്രയോഗത്തിന്റെ യഥാർഥ വശം. അതെ, ഒരു തമിഴ് പൊളിറ്റിക്കൽ മാസ് സിനിമ കണ്ട ഫീൽ..!
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം തമിഴ്‌നാട് ജനത നെഞ്ചേറ്റിയ നേതാവാണ് പി. ഷൺമുഖം എന്ന സിപിഐഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി. തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ വിജയ്‌യുടെ ടിവികെയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ പാർട്ടി നൽകിയതിനോടുള്ള കടപ്പാട് അറിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലൂടെ നമ്മൾ കണ്ടത്. നീതിക്കായുള്ള പോരാട്ടത്തിന്റെ ആൾരൂപം കൂടിയാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള ഈ നേതാവ്. അതുകൂടി കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ആ നേതാവിനെ കണ്ടതും തമിഴ് മക്കൾ ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ആവേശംകൊണ്ടതും.
തമിഴ് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ സംഭവമാണ് 1992 ജൂൺ 20ന് തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ വാച്ചാത്തി ഗ്രാമത്തിൽ വനം വകുപ്പ്- പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അതിക്രമം. വീരപ്പനായുള്ള തെരച്ചിൽ എന്ന പേരിലും ചന്ദനക്കടത്ത് തടയാനെന്ന വ്യാജേനയും ഉദ്യോഗസ്ഥർ വാച്ചാത്തി ഗ്രാമത്തിൽ കയറി 18 സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരതകൾക്ക് ഇരയാക്കി. 155 വനംവകുപ്പ് ഉദ്യോഗസ്ഥരും 108 പൊലീസുകാരുമായിരുന്നു ഈ മനുഷ്യത്വരഹിത പ്രവൃത്തിക്ക് പിന്നിൽ. പുറംലോകം അറിയാതിരുന്ന, അറിഞ്ഞവർ ആരും തന്നെ പറയാതിരുന്ന സംഭവം. തമിഴ്നാട് ട്രൈബൽ അസോസിയേഷന്റെ അന്നത്തെ ഭാരവാഹി പി. ഷൺമുഖമാണ് വാച്ചാത്തിയിലെ അതിക്രൂരകൃത്യങ്ങൾ പുറംലോകത്തെത്തിച്ചത്.
അദ്ദേഹം ഗ്രാമം സന്ദർശിക്കുകയും സത്യാവസ്ഥ നിയമത്തിനു മുന്നിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. അതിജീവിതകളായ 18 ഗോത്രവർഗ സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനായി മഹാപർവതം കണക്കെ ഉറച്ചുനിന്നു. നിശ്ചയദാർഢ്യത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ട, ഉപാധികളില്ലാത്ത ആ മൂന്ന് പതിറ്റാണ്ടിന്റെ പോരാട്ടത്തിനൊടുവിൽ നീതിദേവത കണ്ണുതുറന്നു. പ്രതികളിൽ ജീവിച്ചിരുന്ന 217 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി 2023 സെപ്റ്റംബറിൽ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചു. ഒരുകാലത്ത് ഒരു ഗ്രാമത്തിന്റെ ഹീറോയായിരുന്ന അദ്ദേഹം ഇന്ന് തമിഴ് മണ്ണിന്റെയാകെ സൂപ്പർ ഹീറോയാണ്. ദ്രാവിഡ മണ്ണിന്റെ അസ്തിത്വം ഇല്ലാതാക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലൂടെ, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണ ടിവികെയ്ക്ക് നൽകാൻ ഇടപെട്ട് ലോക തമിഴ് മക്കളുടെ അഭിമാനം വീണ്ടും ഉയർത്തിപ്പിക്കാൻ അദ്ദേഹത്തിനായി.
സത്യപ്രതിജ്ഞാവേളയിൽ സി. ജോസഫ് വിജയ് എന്ന്, ദളപതി പറഞ്ഞപ്പോൾ ജനാധിപത്യവാദികൾ ആവേശംകൊണ്ടു. സദസിൽ ഉണ്ടായിരുന്നവർ നിർത്താതെ കൈയടിച്ചു, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കാരണം വിജയ്‌യുടെ ഒരു പൊളിറ്റിക്കൽ മാസ് സിനിമയുടെ ഗാംഭീര്യം ആ നിമിഷങ്ങൾക്കുണ്ടായിരുന്നു. കാരണം ഈ പേര് രാഷ്ട്രീയ ആയുധമായി സംഘപരിവാർ പ്രയോഗിച്ചപ്പോൾ ഉള്ളുപിടയുകയും പ്രതിരോധം തീർക്കുകയും ചെയ്തവരാണ് മതനിരപേക്ഷതയ്ക്കും ഭരണഘടനാമൂല്യങ്ങൾക്കുമായി നിലകൊണ്ട ആ മനുഷ്യർ.
2017ൽ പുറത്തിറങ്ങിയ 'മെർസൽ' എന്ന വിജയ് ചിത്രത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ എന്നിവയെ വിമർശിക്കുന്ന ഡയലോഗുകൾ ഉണ്ടായിരുന്നു. 'ഏഴു ശതമാനം ജിഎസ്ടി ഉള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യമാണ്. എന്നാൽ 28 ശതമാനം ജിഎസ്ടി ഉള്ള ഇന്ത്യയിൽ എന്തുകൊണ്ട് അത് സാധിക്കുന്നില്ല?' - ഇതടക്കമുള്ള തകർപ്പൻ ഡയലോഗുകൾ വിജയ് ആരാധകരെയും ഭൂരിപക്ഷം പൊതുജനങ്ങളെയും കോരിത്തരിപ്പിച്ചെങ്കിലും കേന്ദ്രസർക്കാരിനെ അത് രസിപ്പിച്ചില്ല. ബിജെപി നേതാക്കളെയും അണികളെയും നന്നായി ചൊടിപ്പിച്ചു.
ബിജെപി ദേശീയ സെക്രട്ടറിയായിരുന്ന എച്ച്. രാജയാണ് വിജയ്‌യുടെ മതം വലിച്ചിഴച്ച് വിവാദത്തിന് തുടക്കമിട്ടത്. ദളപതിയുടെ തിരിച്ചറിയൽ രേഖയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രാജ ഇങ്ങനെ കുറിച്ചു - 'ജിഎസ്ടിയെക്കുറിച്ചുള്ള മോദി വിരുദ്ധ നുണകൾക്ക് പിന്നിൽ സി. ജോസഫ് വിജയ് എന്ന വ്യക്തിയുടെ രാഷ്ട്രീയ പകപോക്കലാണ്'. സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടത്തി. 'അദ്ദേഹം നമ്മുടെ ആളല്ല' എന്ന വർഗീയ ചിന്ത പടർത്തുന്ന വിധത്തിൽ വിജയ് എന്നല്ല പറയേണ്ടത് ജോസഫ് വിജയ് എന്നാണെന്ന പ്രചാരണം അഴിച്ചുവിട്ടു. വിജയ് ഒരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് ബിജെപി സർക്കാരിനെ വിമർശിക്കുന്നതെന്ന തരംതാണ രാഷ്ട്രീയത്തിനെതിരെ ദളപതിയെ സ്‌നേഹിക്കുന്നവരും സംഘപരിവാർ വിരുദ്ധരുമായ മനുഷ്യരാകെ അന്ന് പ്രതിരോധം തീർത്തു.
വിജയ്‌ക്കെതിരായ സംഘപരിവാറിന്റെ വേട്ടയാടൽ അതുകൊണ്ടും തീർന്നില്ല. 2020ൽ 'മാസ്റ്റർ' സിനിമയുടെ ഷൂട്ടിങ് നടക്കവേ ആദായനികുതി വകുപ്പിന്റെ 30 മണിക്കൂർ നീണ്ട റെയ്ഡ് നടന്നു.'ബിഗിൽ' എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വിജയ് കുറ്റം ചെയ്തതായി കണ്ടെത്താത്തതിനെ തുടർന്ന് അതൊരു രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമായി. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'ജനനായകൻ' എന്ന ഏറ്റവും അവസാനത്തെ സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകാതിരുന്നത്.
പുറമെ, ടിവികെ അധികാരത്തിൽ എത്താതിരിക്കാൻ ഗവർണറുടെ വക നടന്ന നാടകങ്ങൾ. അതിനെയും അതിജീവിക്കാൻ ദളപതിക്കായി. ഇതടക്കമുള്ളവ നമ്മുടെ മനസിലുള്ളതുകൊണ്ടാണ് 'തമിഴ് രക്ഷകന്റെ' മാസ് സിനിമാ ഡയലോഗുകളേക്കാൾ ശക്തിയുള്ള 'സി. ജോസഫ് വിജയ് ആകും ഞാൻ...' എന്ന പ്രയോഗം കാലത്തിന്റെ കാവ്യനീതിയാകുന്നത്. അതെ, ജനാധിപത്യ സൗന്ദര്യത്തിന്റെ വേറിട്ട മുഖമായി തമിഴ് മണ്ണ് ലോകത്തിനു മുൻപിൽ ഇപ്പോൾ ജ്വലിച്ചു നിൽക്കുകയാണ്.